Tuesday, September 27, 2022
HomeGulfQatarകോഴിക്കോട്, മലപ്പുറം സ്വദേശികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണം

കോഴിക്കോട്, മലപ്പുറം സ്വദേശികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണം

ദോഹ: മലപ്പുറം, കോഴിക്കോട് സ്വദേശികളായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണം. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എന്‍ഐടി) ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോറിമാര്‍ട്ട് എന്ന ഇ കൊമേഴ്‌സ് കമ്പനിക്കാണ് ഖത്തര്‍ സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചത്. ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിറ്റല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സംഘടിപ്പിച്ച ഐഡിയ ക്യാംപിലെ മികച്ച പ്രകടനമാണ് സ്റ്റോറിമാര്‍ട്ടിന് ഈ അംഗീകാരം ലഭിക്കാന്‍ കാരണം.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ക്യാംപില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് സ്റ്റോറിമാര്‍ട്ട്. വെര്‍ച്വലായി നടത്തിയ ക്യാംപില്‍ നൂതന ആശയങ്ങളും അതു നടപ്പാക്കാനുള്ള പദ്ധതിയും അവതരിപ്പിക്കുക എന്നതായിരുന്നു മത്സരം. ബിസിനസ് ടു ബിസിനസ് പ്ലാറ്റ്‌ഫോമാണ് സ്റ്റോറിമാര്‍ട്ടിന്റെ സേവനം. വ്യാപാരികളെ ഓണ്‍ലൈനിലേക്ക് ചുവടുമാറാന്‍ സഹായിക്കുന്നതോടൊപ്പം കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനും സ്റ്റോറിമാര്‍ട്ട് വഴിയൊരുക്കും. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുമിപ്പിച്ചുള്ള ആപ്ലിക്കേഷനാണ് ഇതിനായി വികസിപ്പിക്കുക.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഖത്തറിലേക്ക് വ്യാപിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. ഓഫിസിനുള്ള സ്ഥലവും ആദ്യ ഒരു വര്‍ഷത്തേക്കു വേണ്ട മറ്റു സംവിധാനങ്ങളും ഖത്തര്‍ സര്‍ക്കാര്‍ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമികവ് തെളിയിച്ചാല്‍ കമ്പനിയെ ഗ്രാജ്വേറ്റഡായി പ്രഖ്യാപിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കും.

വന്‍കിട ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട് സ്വദേശിയായ സുബൈര്‍ പൊറോരയും മലപ്പുറം സ്വദേശിയായ നബീല്‍ ഹമദും ചേര്‍ന്ന് 3 വര്‍ഷം മുന്‍പാണ് സ്റ്റോറിമാര്‍ട്ട് ആരംഭിച്ചത്. തുടക്കം മുതല്‍ കോഴിക്കോട് എന്‍ഐടി ബിസിനസ് ഇന്‍ക്യുബേറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയുമുണ്ട്. പ്രോഡക്ട് മാനേജര്‍ മുഹമ്മദ് ആസിഫലി, സെയില്‍സ് കോഓര്‍ഡിനേറ്റര്‍ റിഷബ് ജോണ്‍സണ്‍ എന്നിവര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു. നിലവില്‍ കമ്പനിയില്‍ 30ഓളം ജീവനക്കാരുണ്ട്.

ഇഹാരിസ്, സ്‌പെന്‍ഡ് വൈസര്‍, പേവൈസ്, നാര്‍, പിക്കപ്പ്, ടെയ്‌ലറി, എലിവേറ്റ്മി, എന്‍ഡോര്‍ഗന്‍, ടൂറിസ്‌മോ, ഫര്‍ഹ, വസ്തുംലാബ്, വലാപ്പ്, ബിസ്പ്ലാനര്‍, സീന ലാബ്, കാര്‍ട്ടി, തഹാദോ, ക്യുറെസിപ്റ്റ്, കീറിസം, ഇന്‍ഫോ ടെക് ഹൈവ്, അജദ് വാല്‍, ടെലിറിഹാബ്, ട്രാഫ് ഈസ്, അല്‍മാഷ്‌ല തുടങ്ങിയ കമ്പനികളാണ് സ്റ്റോറി മാര്‍ട്ടിന് പുറമേ ഐഡിയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.
ALSO WATCH

Most Popular