സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 മുതല്‍ എക്‌സിറ്റ് പെര്‍മിറ്റ് വേണ്ട

ദോഹ: തൊഴില്‍ നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത ഖത്തറിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 മുതല്‍ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാം. ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

തൊഴില്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമം 2018 സപ്തംബര്‍ മുതല്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍, ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ല. പുതിയ തീരുമാനപ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, എണ്ണ വാതക മേഖല, കാര്‍ഷിക ജലസേചന മേഖല തുടങ്ങിയ വിഭാഗങ്ങളില്‍ എല്ലാം ജോലി ചെയ്യുന്നവര്‍ക്ക് എകിസ്റ്റ് പെര്‍മിറ്റില്‍ നിന്ന് ഒഴിവാകുമെന്ന് പാസ്‌പോര്‍ട്ട് സപ്പോര്‍ട്ട് സര്‍വീസ് ജനറല്‍ ഡയറക്ടറേറ്റിലെ റിക്രൂട്ട്‌മെന്റ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി പറഞ്ഞു.

എന്നാല്‍, ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന അഞ്ച് ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ തീരുമാനത്തിന്റെ പരിധിയില്‍ വരില്ല. ഇവരുടെ കാര്യത്തില്‍ അതത് തൊഴിലുടമകള്‍ക്ക് തീരുമാനമെടുക്കാം. ഏതൊക്കെ തൊഴിലാളികാളാണ് ഇതില്‍പ്പെടുകയെന്ന് അതത് കമ്പനികളിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്ട്‌മെന്റ് ആണ് തീരുമാനിക്കുക.