ദോഹ: 12 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് സ്‌കൂളുകള്‍ അടക്കേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
22 വയസ്സിന് താഴെയുള്ളവരില്‍ അണുബാധ വളരെ അപൂര്‍വമാണ്. യുവാക്കളില്‍ രോഗം വഷളാവാതെ വേഗത്തില്‍ ഭേദമാകുന്നതാണ് അനുഭവമെന്നും ആരോഗ്യ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു.
നിലവില്‍ ഖത്തറിലെ സ്‌കൂളുകളില്‍ കൊറോണ വൈറസ് കേസുകളൊന്നുമില്ല. ഇതുവരെ രോഗ ബാധ കണ്ടെത്തിയ 12 പേരില്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെ എല്ലാ സ്‌കൂളുകളും കൊറോണ വിമുക്തമാണെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. കൊറോണ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അധികൃതര്‍ അവബോധം നല്‍കുന്നുണ്ട്.