ഖത്തറിലെ ജെഇഇ പരീക്ഷാ സെന്ററിന് വിലക്ക്; മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍

jee entrance qatar

ദോഹ: ഖത്തറിലെ ജെഇഇ പരീക്ഷ സെന്ററായ ഫാമിലി കമ്പ്യൂട്ടര്‍ സെന്ററിന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലക്ക്. ഇതോടെ ഈ കേന്ദ്രത്തില്‍ പരീക്ഷ എഴുതാനിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി.

ഇന്ത്യയിലെ വ്യത്യസ്ത എഞ്ചിനീയറിങ് കോളജുകളിലേക്കും ഐഐടി, എന്‍ഐടി ഉള്‍പ്പെടെ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ) സപ്തംബര്‍ 2, 3 തീയ്യതികളിലാണ് നടക്കേണ്ടത്. പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ദോഹയിലെ കേന്ദ്രമായി നിര്‍ദ്ദേശിച്ച ഫാമിലി കമ്പ്യൂട്ടര്‍ സെന്റര്‍ അധികൃതര്‍ പരീക്ഷ നടത്താനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ലെന്നും അവസാന ദിനങ്ങളില്‍ അറിയിച്ചതോടെയാണ് നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

പരീക്ഷക്കായുള്ള പ്രൊവിഷനല്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടിയ ശേഷം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഖത്തറിലെ സെന്ററുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ക്ക് ഖത്തര്‍ അധികൃതരുടെ അനുമതി ലഭിച്ചിട്ടില്ലെന്ന വിവരം അറിയിച്ചതെന്ന് രക്ഷിതാക്കളിലൊരാളായ തിരുവനന്തപുരം സ്വദേശി ഗള്‍ഫ് മലയാളിയോട് പറഞ്ഞ്. കോവിഡ് നിയന്ത്രണം പാലിച്ച് കൊണ്ട് പരീക്ഷ നടത്താന്‍ സാധിക്കാത്തതാണ് വിലക്കിന് കാരണമെന്നാണ് അറിയുന്നത്.

ഫാമിലി കമ്പ്യൂട്ടര്‍ സെന്ററില്‍ 15ഓളം കമ്പ്യൂട്ടറുകള്‍ മാത്രമാണ് നിലവില്‍ ഉള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരീക്ഷ നടത്തുകയാണെങ്കില്‍ 4-5 പേര്‍ക്ക് മാത്രമേ ഒരു സമയം പരീക്ഷയെഴുതാനാവൂ. നേരത്തേ ഇവിടെ നടന്ന ഒരു ട്രെയ്‌നിങ് പരിപാടിയില്‍ കോവിഡ് നിയന്ത്രണം പാലിക്കാത്തതിനാല്‍ ഖത്തര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായും അറിയുന്നു. രക്ഷിതാക്കള്‍ വിഷയം എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ നടത്താനാവാത്ത സാഹചര്യമുണ്ടെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി.

ഇന്ത്യയിലെ തന്നെ സുപ്രധാനമായ ഒരു പരീക്ഷാ സെന്ററായി ഒട്ടും സൗകര്യമില്ലാത്തതും ഖത്തര്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതുമായ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ അനുവദിച്ചതിനെക്കുറിച്ചും രക്ഷിതാക്കള്‍ ആക്ഷേപമുന്നയിച്ചു.

കോയമ്പത്തൂരിലുള്ള വിദ്യാഭ്യാസ ഏജന്‍സി മുഖേനയാണ് ഫാമിലി കമ്പ്യുട്ടര്‍ സെന്ററിന് ജെഇഇ പരീക്ഷാ കേന്ദ്രമായി അനുമതി ലഭിച്ചതത്രെ. കോയമ്പത്തൂരിലുള്ള ഏജന്‍സിയുടെ പല പരീക്ഷകളും ഇവര്‍ മുഖേന നടത്തുന്നതിനാലാണ് ഈ അവസരം ലഭിച്ചത്.