ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് കുറയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ചേംബര്‍ ഉദ്യോഗസ്ഥന്‍; ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫീസ് ഒഴിവാക്കുന്ന കാര്യം പരിഗണനയില്‍

qatar private schools

ദോഹ: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പഠന സമ്പ്രദായം നടപ്പാക്കിയത് കൊണ്ട് സ്‌കൂള്‍ ഫീസ് കുറയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍.

ശമ്പളം, ജീവനക്കാരുടെ മറ്റ് ആനുകൂല്യങ്ങള്‍, കെട്ടിട വാടക തുടങ്ങിയ സ്ഥിരം സ്‌കൂള്‍ ചെലവുകള്‍ക്ക് അനുസൃതമായാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഫീസ് കുറച്ചാല്‍ ശമ്പളം കൊടുക്കുന്നതിനെയും മറ്റും ബാധിക്കുമെന്ന് ഖത്തര്‍ ചേംബറിലെ വിദ്യാഭ്യാസ സമിതി പ്രതിനിധി ശെയ്ഖ് മന്‍സൂര്‍ ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു.

ജോലി നഷ്ടപ്പെട്ട രക്ഷിതാക്കളുടെ കാര്യം പല സ്‌കൂളുകളും വിലയിരുത്തുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയവുമായി ഇക്കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിന് പുറമേ വരുന്ന ഫീസ് സംബന്ധിച്ച് വിദ്യാഭ്യാസ സമിതിയും സ്‌കൂള്‍ ഉടമകളും മന്ത്രാലയവും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം ഉടന്‍ വ്യക്തത വരുത്തുമെന്ന് ഖത്തര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആല്‍ഥാനി പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫീസ് പോലുള്ളവ ഒഴിവാക്കുന്ന കാര്യം ചില സ്‌കൂളുകള്‍ പരിഗണിക്കുന്നുണ്ട്. ചില സ്‌കൂളുകള്‍ അടുത്ത വര്‍ഷത്തെ ചെലവിലേക്ക് ഇതുമാറ്റുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ പഠനം കാരണം അധ്യാപകര്‍ നേരത്തേ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No reason to cut fees in private schools: Official