ദോഹ: മാര്‍ച്ച് 3 മുതല്‍ 12 വരെ ഖത്തറില്‍ നടക്കുന്ന എഫ്‌ഐവിബി വേള്‍ഡ് ടൂറില്‍ വനിതാ ബീച്ച് വോളിബോള്‍ താരങ്ങള്‍ ബിക്കിനി ധരിക്കുന്നത് അനുവദിക്കുമെന്ന് ഇന്റര്‍നാഷനല്‍ വോളിബോള്‍ ഫെഡറേഷന്‍(എഫ്‌ഐവിബി) അറിയിച്ചു. ബിക്കിനി നിരോധനം ഉള്ളതിനാല്‍ തങ്ങള്‍ എഫ്‌ഐവിബി വേള്‍ഡ് ടൂര്‍ മല്‍സരത്തില്‍ നിന്ന് പിന്മാറുന്നതായി ജര്‍മന്‍ താരങ്ങളായ കാര്‍ല ബോര്‍ഗര്‍, ജൂലിയ സൂദ് എന്നിവര്‍ ജര്‍മന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അസോസിയേഷന്റെ വിശദീകരണം.
അത്‌ലറ്റുകള്‍ എന്ത് ധരിക്കണമെന്ന കാര്യത്തില്‍ തങ്ങള്‍ പ്രത്യേക നിബന്ധനയൊന്നും വയ്ക്കുന്നില്ലെന്ന് തിങ്കളാഴ്ച്ച ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍, വേള്‍ഡ് ടൂര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ വനിതാ താരങ്ങള്‍ ഷോര്‍ട്ട് സ്ലീവ് ടീ ഷര്‍ട്ടും, മുട്ടുവരെയെത്തുന്ന സ്‌പോര്‍ട്‌സ് ഷോര്‍ട്‌സും ധരിക്കണമെന്ന് നിബന്ധനകളില്‍ പറഞ്ഞിരുന്നു. എന്നാല്‍, ബുധനാഴ്ച്ച വെബ്‌സൈറ്റില്‍ നിന്ന് ഇത് എടുത്തു കളഞ്ഞു. 2019ല്‍ ഖത്തറില്‍ നടന്ന എഎന്‍ഒസി വേള്‍ഡ് ബീച്ച് ഗെയിംസില്‍ വനിതാ താരങ്ങള്‍ ബിക്കിനി ധരിച്ച് പങ്കെടുത്തിരുന്നു.