ഫിഫ അറബ് കപ്പ്: ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയുമായി അല്‍ജീരിയന്‍ ടീം ആരാധകര്‍

fifa arab cup spectators

ദോഹ: അറബ് കപ്പില്‍ നാളെ നടക്കുന്ന അല്‍ജീരിയ-ഖത്തര്‍ സെമി ഫൈനല്‍ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കിട്ടാനില്ലെന്ന പരാതിയുമായി അല്‍ജീരിയന്‍ ആരാധകര്‍. അല്‍ജീരിയയും ഖത്തറും സെമി യോഗ്യത നേടിയ ഉടനെ തന്നെ ടിക്കറ്റുകള്‍ സോള്‍ഡ് ഔട്ട് ആയെന്ന് ആരാധകര്‍ പറയുന്നു. ഈ വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് ഖത്തറിലെ അല്‍ജീരിയന്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മല്‍സരത്തിന് ടിക്കറ്റ് സോള്‍ഡ് ഔട്ട് ആയെന്ന് ഓണ്‍ലൈനില്‍ കാണിച്ചെങ്കിലും ടിക്കറ്റ് ബൂത്തുകളില്‍ ലഭ്യമായിരുന്നു. ഗാലറിയില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നതായും പറയുന്നു.

അല്‍ തുമാമ സ്റ്റേഡിയത്തിലെ സെമി മല്‍സരം കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാന്‍ കവിയുന്ന അല്‍ ബൈത്ത് സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്നും ആവശ്യമുയര്‍ന്നു.

50 ശതമാനം ടിക്കറ്റുകള്‍ അല്‍ജീരിയക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഇടപെടണമെന്ന് അല്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആരാധകര്‍ ആവശ്യപ്പെട്ടു.

അതേസമയം, അല്‍ജീരിയന്‍ കമ്യൂണിറ്റി, ടിക്കറ്റുകളില്‍ ഒരു വലിയ ഭാഗം സ്വന്തമാക്കിയിട്ടുണ്ടെന്ന് അറബ് കപ്പ് സംഘാടക സമിതി പ്രതിനിധി ഖത്തര്‍ ടിവിയോട് പറഞ്ഞു. ഫിഫ തീരുമാനിച്ച ഗ്ലോബല്‍ സംവിധാനപ്രകാരമാണ് ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെമി ഫൈനല്‍ മല്‍സരങ്ങളുടെ 99 ശതമാനം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയതായി സംഘാടക സമിതി അംഗമായ ഹസന്‍ റാബിഅ അല്‍ കുവാരി പറഞ്ഞു.

മല്‍സരം ആരൊക്കെ തമ്മിലാണെന്ന് വ്യക്തമാവും മുമ്പ് തന്നെ ഫൈനലിന്റെ 70 ശതമാനത്തോളം ടിക്കറ്റുകളും വില്‍പ്പന നടന്നു.

ആരാധകര്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ അവസരമില്ല
കളി കാണുന്നതിനുള്ള ഇരിപ്പിടം ഒരുക്കല്‍ സംബന്ധിച്ചാണ് മറ്റൊരു പരാതി. വ്യത്യസ്ഥ ഫാന്‍ ഗ്രൂപ്പുകള്‍ക്ക് ഗ്രാന്‍ഡ്സ്റ്റാന്‍ഡ് അനുവദിക്കാത്തതിനാല്‍ ഇടകലര്‍ന്നിരുന്ന് കളികാണേണ്ടി വരുന്നുവെന്നാണ് പരാതി. ഒരേ ടീമിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒരുമിച്ചിരിക്കാന്‍ സാധിക്കാത്തത് മല്‍സരത്തിന്റെ ആവേശം കെടുത്തുന്നുവെന്നും ആരാധകര്‍ പരാതിപ്പെട്ടു.