നോര്‍ക്കയുടെ സൗജന്യ നിയമസഹായം ഖത്തറിലും

ദോഹ: മലയാളികളായ പ്രവാസികള്‍ക്കായി നോര്‍ക്ക ഒരുക്കുന്ന സൗജന്യ നിയമസഹായ സെല്ലിന്റെ ഖത്തറിലെ പ്രഖ്യാപനം 10 ദിവസത്തിനുള്ളില്‍. നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിയമ സഹായ സെല്‍ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അഡ്വ നിസാര്‍ കോച്ചേരിക്ക് ഇതിന്റെ ചുമതല നല്‍കാനാണ് സാധ്യത. എന്നാല്‍, അന്തിമ തീരുമാനം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുകള്‍ ഫയല്‍ചെയ്യാന്‍ നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര, ദയാഹരജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, നിസാരമായ കുറ്റങ്ങള്‍ക്ക് ജയിലില്‍ കുടുങ്ങിയവരെ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് നോര്‍ക്ക നിയമ സഹായ സെല്‍ നല്‍കിവരുന്നത്. കുവൈത്തിലും ഒമാനിലുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ നോര്‍ക്ക നിയമ സഹായ സെല്‍ ഉള്ളത്.