ദോഹ: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന ആദായ നികുതി വ്യവസ്ഥകള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികള്‍. ഖത്തര്‍ കെഎംസിസി സംഘടിപ്പിച്ച യോഗത്തിലാണ് സംഘടനകള്‍ ഈ ആവശ്യമുന്നയിച്ചത്.
വിഷയത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തി പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പുതി നിയമം പ്രധാനമായും ബാധിക്കുക ഗള്‍ഫ് രാജ്യങ്ങളെ ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്ക് അടക്കം ഈ നികുതി ബാധകമാകും. 2021 ഏപ്രില്‍ മുതല്‍ ഒരു പ്രവാസി 120 ദിവസം ഒരുമിച്ചോ ഘട്ടംഘട്ടമായോ ഒരു വര്‍ഷത്തില്‍ നാട്ടില്‍ നിന്നാല്‍ ഇന്ത്യന്‍ റസിഡന്റ് ആയി കണക്കാക്കി പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്തിന് പ്രവാസിയായി കഴിയുന്ന സ്ഥലത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ നാട്ടില്‍ നികുതി നല്‍കേണ്ടി വരുമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
രണ്ടും മൂന്നും വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന പ്രവാസിക്ക് പരമാവധി നാല് മാസം മാത്രമേ നാട്ടില്‍ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതിലധികം നാട്ടില്‍ നില്‍ക്കുന്ന പ്രവാസിക്ക് വരനികുതി പരിധിയില്‍ വരുന്ന വരുമാനം ഉണ്ടെങ്കില്‍ അതിന് ടാക്സ് കൊടുക്കേണ്ടി വരും. മാത്രമല്ല ഇത് രാജ്യത്തെ പ്രവാസി നിക്ഷേപങ്ങളെ സാരമായി ബാധിക്കുമെന്നും എല്ലാ സംഘടനകളും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി മോഡറേറ്റര്‍ ആയ യോഗത്തില്‍ കോയ കോടങ്ങാട് സ്വാഗതം പറഞ്ഞു. എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെഎംസിസി ഗൈഡ് വിഭാഗം ചെയര്‍മാന്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.