ദോഹ: നോര്‍വീജിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ(എന്‍ആര്‍കെ) രണ്ട് മാധ്യമപ്രവര്‍ത്തകരെ ഖത്തറില്‍ അറസ്റ്റ് ചെയ്തു. ഹാല്‍വര്‍ എകെലാന്റ്, ലോക്മാന്‍ ഗോര്‍ബാനി എന്നിവരാണ് തിങ്കളാഴ്ച്ച രാവിലെ അറസ്റ്റിലായത്. സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ പ്രവേശിച്ച് വീഡിയോ റെക്കോഡ് ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചതായും ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.
ലോക കപ്പിന്റെ ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍, ഖത്തറിലെ പ്രവാസിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവ റിപോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇരുവരും ഖത്തറിലെത്തിയത്. ഇരുവരും ഞാറാഴ്ച്ച രാത്രി ദോഹ വിടേണ്ടതായിരുന്നു. തിങ്കാളാഴ്ച്ച രാവിലെ നോര്‍വേയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് അറസ്റ്റ്.
ഇരുവരും മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കവേയാണ് അറസ്റ്റിലായതെന്ന് നോര്‍വീജിയന്‍ വിദേശമന്ത്രി അന്നികെന് ഹുത്ഫെല്ത്ത് പറഞ്ഞു.
എന്നാല്‍, തങ്ങളുടെ സ്ഥലത്ത് അതിക്രമിച്ച് കയറിയതായി സ്ഥലത്തിന്റെ ഉടമ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് എന്‍ആര്‍കെ റിപോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ്(ജിസിഒ) പ്രസ്താവനയില്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ 23ന് കുറ്റമൊന്നും ചുമത്താതെ വിട്ടയക്കുകയും ചെയ്തു. വിശദാംശങ്ങള്‍ നോര്‍വേ എംബസിയെയും എന്‍ആര്‍കെ അധികൃതരെയും അറിയിച്ചിരുന്നു.
മറ്റേതൊരു രാജ്യത്തുമെന്നതു പോലെ അതിക്രമിച്ചു കടക്കുന്നത് ഖത്തറിലും കുറ്റകരമാണെന്ന് ജിസിഒ വ്യക്തമാക്കി. ഖത്തറില്‍ എവിടെയും ഷൂട്ട് ചെയ്യുന്നതിനും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മറ്റ് അധികൃതരുമായും കൂടിക്കാഴ്ച്ച നടത്തുന്നതിനും എന്‍ആര്‍കെ റിപോര്‍ട്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ സ്വാതന്ത്ര്യം സ്വകാര്യ സ്ഥലത്ത് അനുവാദമില്ലാതെ കയറുന്നതിനുള്ള അനുമതിയല്ല. എന്‍ആര്‍കെ മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞുകൊണ്ടും മനപൂര്‍വ്വവും ഇത് ലംഘിക്കുകയായിരുന്നു. അതേ തുടര്‍ന്നാണ് താല്‍ക്കാലികമായി അറസ്റ്റ് ചെയ്ത് വിട്ടയച്ചതെന്നും ജിസിഒ വ്യക്തമാക്കി.
ഖത്തര്‍ പോലിസ് മാന്യമായി പെരുമാറി
അറസ്റ്റ് വേളയിലോ മറ്റ് തുടര്നടപടികള്ക്കിടയിലോ തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രയാസവും നേരിട്ടിട്ടില്ലെന്ന് എന്‍ആര്‍കെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ പോലിസ് ബലം പ്രയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
തങ്ങള്‍ സ്വകാര്യ സ്ഥലത്താണെന്ന് അറിയമായിരുന്നുവെന്നും എകെലാന്റും ഗോര്ബാനിയും സമ്മതിച്ചു. പോവാന്‍ പാടില്ലാത്ത സ്ഥലത്താണ് തങ്ങളുടെ റിപോര്‍ട്ടര്‍മാര്‍ പോയതെന്ന് എന്‍ആര്‍കെ അധികൃതരും സ്ഥിരീകരിച്ചു. എന്നാല്‍, അറസ്റ്റ് സംബന്ധിച്ച് ഖത്തറില്‍ നിന്ന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റമാണെന്നും എന്‍ആര്‍കെ ആരോപിച്ചു.
ALSO WATCH