ക്വാരന്റൈനിലുള്ള തൊഴിലാളികള്‍ക്ക് സംവദിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

quarantine online help

ദോഹ: ഖത്തറില്‍ ക്വാരന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി കണക്ടിങ് ഫോര്‍ കെയര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. അംഗങ്ങള്‍ക്ക് അവരവരുടെ ഭാഷയില്‍ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സന്നദ്ധപ്രവര്‍ത്തകരുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ കോറൊണ പ്രതിരോധം സംബന്ധിച്ചും ആരോഗ്യം നിലനിര്‍ത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചുമൊക്കെ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും. ചാറ്റിങിലൂടെ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, നേപ്പാളി, ബംഗാളി, മലയാളം, സിംഹള, തമിഴ്, തഗലോഗ് ഭാഷകളില്‍ ചാറ്റിങ് ലഭ്യമാണ്.

ഖത്തര്‍ ഫൗണ്ടേഷന്‍, വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റി ഫോര്‍ ഹെല്‍ത്ത്(വിഷ്), റീച്ച് ഔട്ട് ടു ഏഷ്യ(റോട്ട), മൊദാരിസ് തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം എന്നിവയുടെ അംഗീകാരം ഇതിനുണ്ട്.

ക്വാരന്റൈനില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമൊരുക്കാനും കണക്ടിങ് ഫോര്‍ കെയര്‍ പ്രയോജനപ്രദമാവും.

ശനിയാഴ്ച മുതല്‍ വ്യാഴം വരെ വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 10വരെയുമാണ് ലൈവ് ചാറ്റിങ് സൗകര്യം ലഭ്യമാവുക.

Online platform launched to support workers in Qatar