Thursday, December 2, 2021
HomeNewsfeedവാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ദീര്‍ഘനാളായി കാത്തിരിക്കുന്ന പ്രവാസികളെ നട്ടംതിരിക്കുന്ന രീതിയില്‍ അടിക്കടി മാറുന്ന നിബന്ധനകളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം താരതമ്യേന മധ്യമ നിലപാട് സ്വീകരിച്ചിരുന്ന ഖത്തര്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വീണ്ടും ക്വാറന്റീന്‍ പ്രഖ്യാപിച്ചിരുന്നു.

വാക്‌സിനെടുത്തവര്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്ന നിലപാടിനെതിരേയാണ് കാര്യമായ വിമര്‍ശനം. പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് വീണ്ടും നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത് നീതിയല്ലെന്ന് പലരും ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. ഒരേ വാക്‌സിന്‍ തന്നെ ഖത്തറില്‍ നിന്നെടുത്താല്‍ രണ്ട് ദിവസവും പുറത്ത് നിന്നെടുത്താല്‍ 10 ദിവസവും ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിന്റെ യുക്തി എന്താണെന്നും ചിലര്‍ ചോദിക്കുന്നു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളോട് രാജ്യത്തിന് അനുസരിച്ച് നയം സ്വീകരിക്കുന്നത് എങ്ങിനെയെന്ന് ലോകാരോഗ്യ സംഘടനയെ ടാഗ് ചെയ്ത് കൊണ്ടാണ് ഒരു ട്വീറ്റ്.

ദീര്‍ഘനാളായി നാട്ടില്‍ കുടുങ്ങി മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഹോട്ടല്‍ ക്വാറന്റീന് വേണ്ടി വലിയ തുകയാണ് മുടക്കേണ്ടി വരുന്നത്. 1000 റിയാലിന് മുകളിലാണ് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് നല്‍കേണ്ടത്. 10 ദിവസത്തെ ക്വാറന്റീന് 4500 റിയാലോളം നല്‍കണം. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയാത്തതാണ് ഇത്.

അതേസമയം, യുഎഇ, സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ തന്നെ അനുവദിക്കുന്നില്ലെന്നും ഖത്തര്‍ ഇത്രയെങ്കിലും ചെയ്യുന്നത് ആശ്വാസകരമാണെന്നും വാദിക്കുന്നവരും ഉണ്ട്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചത്. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ഇപ്പോള്‍ 90ലേറെ രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്.

ദിവസേന 40,000ലേറെ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പകുതിയിലേറെ കേരളത്തിലാണ്. ജൂലൈ 28ന് ബംഗ്ലാദേശില്‍ 16,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ദിവസവും ആയിരിക്കണക്കിന് പുതിയ കേസുകള്‍ കണ്ടെത്തുന്നുണ്ട്.

കോവിഡ് രണ്ടാം തരംഗത്തെ കര്‍ശന നിയന്ത്രണങ്ങളിലൂടെ പിടിച്ചെകെട്ടിയ ഖത്തര്‍ വളരെ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ലോകത്തെ ഭീതിയിലാക്കുന്ന മൂന്നാംതരംഗത്തില്‍ നിന്ന് രാജ്യത്തെ ഏത് വിധേനയും സംരക്ഷിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ALSO WATCH

Most Popular