വിദേശത്തുള്ള ഖത്തര്‍ വിസ സെന്ററുകള്‍ വഴി അനുവദിച്ചത് 144,000 വിസകള്‍

Qatar visa center kochi

ദോഹ: വിദേശ രാജ്യങ്ങളിലുള്ള ഖത്തര്‍ വിസ സെന്ററുകള്‍ വഴി ഇതിനകം 144,000 വിസകള്‍ അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം. ഒരു വര്‍ഷത്തിന് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വിസ സെന്ററുകള്‍ വഴി 144,136 വിസകള്‍ അനുവദിച്ചതായും മെഡിക്കല്‍ കാരണങ്ങള്‍ മൂലം 7,797 വിസകള്‍ തള്ളിയതായും വിസ സപ്പോര്‍ട്ട് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി പറഞ്ഞു. 2018 ഒക്ടോബറില്‍ ശ്രീലങ്കയിലാണ് ഖത്തറിന്റെ ആദ്യ വിസ സെന്റര്‍ അനുവദിച്ചത്.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കുക എന്നത് ഖത്തര്‍ വിസ സെന്ററുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യംവിടും മുമ്പ് തന്നെ ജോലിയുടെ വിശദാംശങ്ങള്‍ തൊഴില്‍ കരാറിലെ കാര്യങ്ങളും മറ്റും അറിയാന്‍ വിസാ സെന്ററുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമാവുന്നു.

വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളുടെ ശേഖരണം, മെഡിക്കല്‍ പരിശോധന, കരാര്‍ ഒപ്പിടല്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള രേഖകളുടെ സമര്‍പ്പണം തുടങ്ങിയ കാര്യങ്ങളാണ് വിദേശ രാജ്യങ്ങളില്‍ ഉള്ള ഖത്തര്‍ വിസാ സെന്ററുകള്‍ വഴി നടത്തുന്നത്. കേരളത്തില്‍ കൊച്ചിയില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏഴിടങ്ങളിലാണ് ഖത്തര്‍ വിസാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

Content Highlights: Over 144,000 visas issued outside Qatar through QVCs