ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 637 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 557 പേരാണ് പിടിയിലായത്. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റി സഞ്ചരിച്ചതിന് 59 പേരെയും പിടികൂടി. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഇല്ലാത്തതിന് 9 പേരെയും പിടികൂടി. എന്നാല്‍ സാമൂഹിക അകലം പാലിക്കാത്തതിന് 6 പേരെയും ക്വാറന്റീന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 6 പേരെയും പിടികൂടിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 13,426 പേരാണ് മാസ്ക് ധരിക്കാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. വാഹനത്തില്‍ അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം ലംഘിച്ചതിന് ഇതുവരെ 490 പേരെയും പിടികൂടിയിട്ടുണ്ട്.
കോവിഡ് നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്. എന്നാല്‍ രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിത്. രാജ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് അധികൃതര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. പൊതുജനങ്ങള്‍ ഇവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.