ഫലസ്തീന്‍ തിരഞ്ഞെടുപ്പില്‍ ഖത്തര്‍ നിരീക്ഷക പദവി വഹിക്കണമെന്ന് ഇസ്മാഈല്‍ ഹനിയ്യ

Ismail Haniyeh

ദോഹ: ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഫലസ്തീന്‍ പാര്‍ലമെന്റ്, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിരീക്ഷക പദവി വഹിക്കാന്‍ ഖത്തറിനോട് അഭ്യര്‍ഥിച്ച് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മാഈല്‍ ഹനിയ്യ. ഈ ആവശ്യമുന്നയിച്ച് ഹനിയ്യ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സന്ദേശമയച്ചു. 2006ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടണമെന്നും തിരഞ്ഞെടുപ്പ് ഫലം എല്ലാവരും മാനിക്കുമെന്ന് ഉറപ്പ് വരുത്തുന്നതിന് ഖത്തര്‍ അന്താരാഷ്ട്ര സമൂഹവുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാതിരിക്കാന്‍ ഖത്തര്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഹനിയ്യ അഭ്യര്‍ഥിച്ചു. തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമാവുമെന്ന് ഉറപ്പു വരുത്താന്‍ ഖത്തര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മെയ് 22നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 31നും ആണ് നടക്കുന്നത്.
Palestine’s Haniyeh calls on Qatar to monitor elections