Sunday, November 28, 2021
HomeNewsfeedസ്‌കൂള്‍ തുറക്കും മുമ്പ് കുട്ടികള്‍ക്ക് വാക്‌സിനെടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

സ്‌കൂള്‍ തുറക്കും മുമ്പ് കുട്ടികള്‍ക്ക് വാക്‌സിനെടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: സ്‌കൂള്‍ തുറക്കും മുമ്പ് 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ്. കൗമാരക്കാരില്‍ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സഷ്ടിക്കില്ലെങ്കിലും അവരില്‍ അണുബാധ ദീര്‍ഘകാലം നിലനില്‍ക്കുന്നതായാണ് കാണുന്നത്. പ്രായമായവരിലേക്കും രോഗികളിലേക്കും മറ്റും അവരില്‍ നിന്ന് രോഗബാധ പടരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി സോഹ അല്‍ബയാത്ത് പറഞ്ഞു.

ഈ സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കും മുമ്പ് കുട്ടികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്നും ക്ലാസുകളില്‍ അവരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സോഹ അല്‍ബയാത്ത് പറഞ്ഞു.

നിലവില്‍ രാജ്യത്തെ 12 വയസ്സും അതിനു മുകളിലും ഉള്ള ജനങ്ങളില്‍ 85 ശതമാനം ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്ത് കഴിഞ്ഞു. എന്നാല്‍, ഇനിയും കൂടുതല്‍ പേര്‍ വാക്‌സിനെടുക്കേണ്ടതുണ്ട്. വാക്‌സിനെടുക്കുന്ന ഓരോ ആളും സമൂഹത്തെ ഒരു ചുവട് കൂടി സുരക്ഷയിലേക്കും സാധാരണ ജീവിതത്തിലേക്കും നയിക്കുന്നുവെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

65 വയസ്സിന് മുകളിലുള്ളവര്‍ 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നിലവില്‍ പ്രായമായ ആളുകളില്‍ 10ല്‍ 9 പേരും വാക്‌സിനെടുത്തിട്ടുണ്ട്. എന്നാല്‍, അത് പോരെന്നും രോഗം ഏറ്റവും അപകടം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഈ വിഭാഗം പൂര്‍ണമായും വാക്‌സിനെടുക്കണമെന്നും അല്‍ബയാത്ത് പറഞ്ഞു.

ഗര്‍ഭിണികളും വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരണം. ലോകത്തെ പതിനായിരക്കണക്കിന് ഗര്‍ഭിണികള്‍ ഇതിനകം വാക്‌സിനെടുത്തിട്ടുണ്ട്. അവര്‍ക്ക് കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. സാധാരണ സ്ത്രീകളേക്കാള്‍ ഗര്‍ഭിണികളില്‍ രോഗം ഗുരുതരമാവാന്‍ സാധ്യത കൂടുതലാണെന്നും സോഹ അല്‍ബയാത്ത് കൂട്ടിച്ചേര്‍ത്തു.
Parents in Qatar urged to get teens vaccinated before schools open
ALSO WATCH

Most Popular