ദോഹ: സ്റ്റേഷനുകളില്‍ നിന്ന് അകലെ താമസിക്കുന്നവര്‍ മെട്രോ ട്രെയ്‌നില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന പ്രശ്‌നത്തിന് പരിഹാരവുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം.യാത്രക്കാരുടെ വാഹനങ്ങള്‍ സ്‌റ്റേഷനുകള്‍ക്ക് സമീപം സൗജന്യമായി പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
പാര്‍ക്ക് ആന്റ് റൈഡ് പദ്ധതി പ്രകാരം മാസങ്ങള്‍ക്കുള്ളില്‍ അല്‍ വക്‌റ, അല്‍ ഖസര്‍, ലുസൈല്‍, എജുക്കേഷന്‍ സിറ്റി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപമാണ് സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യമൊരുക്കുക.
കൂടുതല്‍ പേരെ പൊതുഗാതഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതി. കൂടുതല്‍ പേരെ മെട്രോയിലേക്ക് ആകര്‍ഷിച്ച് റോഡുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
അല്‍വക്‌റയിലെ പാര്‍ക്കിങ് സ്ഥലം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അറേബ്യ ഗള്‍ഫ് കപ്പ് സമയത്ത് ഈ പാര്‍ക്കിങ് ഉപയോഗപ്പെടുത്തിയിരുന്നു. മറ്റു മൂന്ന് സ്റ്റേഷനുകള്‍ക്ക് സമീപത്തെ പാര്‍ക്കിങ് 2020 ആദ്യപാദത്തോടെ പൂര്‍ത്തിയാവും.
മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് നിശ്ചിത സ്ഥലങ്ങളിലേക്ക് സൗജന്യ യാത്രാ സംവിധാനം മെട്രോ ലിങ് ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍, ഇത് എല്ലാ റൂട്ടുകളിലും ലഭ്യമല്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സംവിധാനം ഒരുങ്ങുന്നതോടെ കൂടുതല്‍ പേര്‍ മെട്രോ ഉപയോഗിച്ചു തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.