ദോഹ: ആഗസ്ത് 13 മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്സ്. ഇന്ത്യക്കു പുറമേ അര്‍മീനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇറാന്, ഇറാഖ്, പാകിസ്താന്, ഫിലിപ്പീന്‍സ്, ശ്ര്ീലങ്ക, നേപ്പാള്‍, നേജീരിയ, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്്. നിലവില്‍ ബംഗ്ലാദേശ്, ബ്രസീല്‍, ഇറാന്, ഇറാഖ്, പാകിസ്താന്, ഫിലിപ്പീന്‍സ്, ശ്ര്ീലങ്ക എന്നിവിടങ്ങളിലേക്കു മാത്രമാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നത്.
ഖത്തര്‍ എയര്‍വെയ്സ് അംഗീകരിച്ച ലബോറട്ടറികളില്‍ നിന്ന് യാത്രപുറപ്പെടുന്നതിന്റെ 72 മണിക്കൂറിനകം കോവിഡ് ആര്‍ടി-പിസിആര്‍ മെഡിക്കല്‍ ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് സര്ട്ടഫിക്കറ്റോട് കൂടി യാത്ര ചെയ്യുന്ന രക്ഷിതാക്കളോടൊപ്പം വരുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടത്.
ഇന്ത്യയില്‍ കേരളത്തിന് പുറമെ അഹമ്മദാബാദ്, അമൃത്സര്‍, ബംഗളുരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, നാഗ്പൂര്‍, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ട്.
കേരളത്തിലെ ഖത്തര്‍ എയര്‍വേയ്സ് അംഗീകൃത കോവിഡ് പരിശോധനാ ലാബുകള്‍
കോഴിക്കോട്
അസ ഡയഗ്നോസ്റ്റിക് സെന്റര്‍, പുതിയറ റോഡ്, ഫോണ്‍ +91 495 297 1188
കൊച്ചി
മെഡിവിഷന്‍ സ്കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍, ശ്രീകണ്ടത്ത് റോഡ്, രവിപുരം, എറണാകുളം. ഫോണ്‍ +91 484 411 2000
തിരുവനന്തപുരം
ഡി.ഡി.ആര്.സി ടെസ്റ്റ് ലാബ്, അല്‍ ആമേന്‍ ടവര്‍, കേസരി നഗര്‍, പൂജപ്പുര. ഫോണ്‍ +91 94960 05009
ഡി.ഡി.ആര്.സി ടെസ്റ്റ് ലാബ്, ആസ്റ്റര്‍ സ്ക്വയര്‍,മെഡിക്കല്‍ കോളേജ് ഉള്ളൂര്‍ റോഡ്,ആസാദ് റെസ്റ്റോറന്റിന് സമീപം, ഉള്ളൂര്‍. ഫോണ്‍ +91 94960 05086,
ഡി.ഡി.ആര്.സി ടെസ്റ്റ് ലാബ്, വട്ടിയൂര്‍ക്കാവ് ജങ്ഷന്,വട്ടിയൂര്‍ക്കാവ് പുളിയറക്കോണം റോഡ്,മഞ്ചാടിമൂട്
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഉള്‍പ്പെടെ ഏത് രാജ്യത്തേക്കും ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം നിര്‍ബന്ധമായിരിക്കും. മറ്റു വിമാന കമ്പനികള്‍ ഇതു സംബന്ധമായി ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല.
അതേ സമയം, ഈ കോവിഡ് ടെസ്റ്റിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ക്വാറന്റീനുമായി ബന്ധപ്പെട്ട ടെസ്റ്റുമായി ബന്ധമില്ല. ഇത് വിമാന കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുന്ന നിബന്ധന മാത്രമാണ്. ഇന്ത്യയില്‍ നിലവില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പരിശോധനാ കേന്ദ്രം ഇല്ല. ഇന്ത്യ കോവിഡ് വ്യാപനത്തോത് കൂടിയ മേഖലയായതിനാല്‍ ദോഹ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും. ഫലം നെഗറ്റീവ് ആണെങ്കില്‍ ഹോട്ടല്‍ ക്വാറന്റീനിലേക്കും പോസിറ്റിവ് ആണെങ്കില്‍ ഐസൊലേഷനിലേക്കും മാറ്റും.