ഷിറാസ് സിതാരയ്ക്ക് പ്രവാസക്കാഴ്ച പുരസ്‌ക്കാരം

ദോഹ: ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രവാസക്കാഴ്ച്ച ആഗോള ഫോട്ടോഗ്രഫി മത്സരത്തില്‍ ഖത്തറിലെ ഫോട്ടോഗ്രാഫര്‍ ഷിറാസ് സിതാരയ്ക്ക് മൂന്നാം സ്ഥാനം. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം

നാട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാനാകാതെ അതിന്റെ ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ കാണുന്ന പ്രവാസി തൊഴിലാളിയുടെ ‘തൊട്ടരികില്‍ തൊട്ടറിയാതെ’ എന്ന ചിത്രമാണ് ഷിറാസിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. വിവര സാങ്കേതിക വിദ്യ അതിന്റെ ആഴം കുറച്ചിട്ടുണ്ടെങ്കിലും സാന്നിധ്യത്തോളം തീവ്രതയുള്ള മറ്റൊന്നും വികാരപ്പകര്‍ച്ച പങ്കുവെക്കാന്‍ കഴിയുന്നതല്ലെന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു.

ഷിറാസ് സിതാര

പ്രവാസത്തിന്റെ നൊമ്പരം എടുത്തു കാട്ടുന്നതാണ് ഷിറാസിന്റെ ചിത്രമെന്ന് ജൂറി വിലയിരുത്തി. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ജീവിതവും അവര്‍ കണ്ട കാഴ്ചകളുമായിരുന്നു മത്സരവിഷയം. ബഹ്‌റൈനില്‍ നിന്നുള്ള ഗണേഷ് കൈലാസാണ് ഒന്നാം സമ്മാനത്തിനര്‍ഹനായത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 34 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസജീവിതം നയിക്കുന്ന പടിക്കലക്കണ്ടി അബ്ദുല്‍ റഹ്മാന്‍ എന്ന അറുപതുകാരനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സൈക്കിളുമാണ് ഒന്നാം സമ്മാനാര്‍ഹമായ ചിത്രം. വടകര സ്വദേശിയാണ് ഗണേഷ് കൈലാസ്.

അമേരിക്കയിലെ പച്ചപരവതാനി വിരിച്ചപോലെ മനോഹരമായ വിശാലമായ കൃഷിയിടത്തിന്റെ ചിത്രം അയച്ച കാനഡയിലെ വാന്‍കൂവറില്‍ നിന്നുള്ള അജയ് തോമസ് രണ്ടാം സ്ഥാനം നേടി. 20,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സമ്മാനം.
2014ലെ ലിബിയന്‍ യുദ്ധത്തില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരില്‍ ഒരാളായ റോസ്മിന്‍ സഹോദരനായ റോബിനെ കൊച്ചി വിമാനത്താവളത്തില്‍ കണ്ടുമുട്ടിയപ്പോഴുള്ള ദൃശ്യം പകര്‍ത്തിയ ഡെക്കാണ്‍ ക്രോണിക്കലിന്റെ ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസിന് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രോത്സാഹന സമ്മാനം ലഭിച്ചു.