ദോഹ: കോവിഡിനെ തുടര്‍ന്ന് മരവിച്ച് കിടക്കുന്ന ഖത്തറിലെ തൊഴില്‍ വിപണി വീണ്ടും സജീവമാകുന്നതായി സൂചന. നിരവധി സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനം പുനരാരംഭിച്ചു. ചില കമ്പനികള്‍ നൂറു കണക്കിന് പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെടുത്തത്.
സപ്തംബറില്‍ ഒരുമിച്ചുള്ള റിക്രൂട്ടിങ് ആരംഭിച്ച ആദ്യ കമ്പനികളിലൊന്ന് യുസിസിയാണ്. തുടര്‍ന്ന് മറ്റു ചില പ്രമുഖ കമ്പനികളും പുതിയ തൊഴിലാളികളെ തേടിത്തുടങ്ങിയിട്ടുണ്ട്. നാസ് ഹോള്‍ഡിങ് ഗ്രൂപ്പ്, ഗള്‍ഫാര്‍ അല്‍ മിസ്നദ്, നാഷനല്‍ ഇന്‍ഡസട്രിയല്‍ കോണ്‍ട്രാക്ടിങ് കമ്പനി(എന്‍ഐസിസി), സിസിസി(കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്സ് കമ്പനി) ഗ്രൂപ്പ്, ഇമാര്‍ ഗ്രൂപ്പ്, സാലിഹ് അല്‍ ഹമദ് അല്‍ മന തുടങ്ങിയ വന്‍കിട കമ്പനികളും കഴിവുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രിന്റ്, സോഷ്യല്‍ മീഡിയകളില്‍ കമ്പനികള്‍ പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
കൂടുതല്‍ അവസരങ്ങള്‍ നിര്‍മാണ മേഖലയില്‍
പുതുതായി ജീവനക്കാരെ എടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കെട്ടിട നിര്‍മാണ കമ്പനികളാണ്. ലോജിസ്റ്റിക്സ്, ഹെല്‍ത്ത്, ഫുഡ് ആന്റ് ബിവറേജ്, റീട്ടെയില്‍ മേഖലകളിലുള്ള കമ്പനികളിലും നിരവധി അവസരങ്ങളുണ്ട്.
സര്‍ക്കാര്‍ നിരവധി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കെട്ടിട നിര്‍മാണ മേഖലയില്‍ വന്‍ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് ഒരു പ്രഖ കമ്പനിയുടെ പ്രതിനിധി പ്രാദേശിക പത്രത്തോട് പറഞ്ഞു.
വിദഗ്ധ തൊഴിലാളികള്‍ക്കും ഡിമാന്‍ഡ്
ബ്ലൂ കോളര്‍ തൊഴിലാളികളെ മാത്രമല്ല, ഉന്നത തസ്തികളില്പ്പെട്ട വിദ്ഗധ തൊഴിലാളികളെയും വിവിധ കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. നാസ് ഹോള്‍ഡിങ് ഗ്രൂപ്പ് സിവില്‍ എന്‍ജിനീയര്‍, എച്ച്ആര്‍ സ്പെഷ്യലിസ്റ്റ്, ഡിജിറ്റല്‍ ഓഫിസര്‍, അഗ്രികള്‍ച്ചറല്‍ മാനേജര്‍ തുടങ്ങിയ പ്രൊഫഷനലുകളെ തേടിയാണ് പരസ്യം നല്‍കിയത്. ഗള്‍ഫാര്‍ അല്‍ മിസ്നദില്‍ പ്രൊജക്ട് മാനേജര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അവസരമുണ്ട്.
സാങ്കേതിക മേഖലയിലും നിരവധി അവസരങ്ങള്‍ ഒരുങ്ങുന്നതായാണ് സൂചന. എച്ച്വിഎസി ടെക്നീഷ്യന്‍സ്, ഇന്‍ഡസ്ട്രിയല്‍ ടെക്നീഷ്യന്‍സ്, ഫോര്മാന്, സര്‍വേയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവസരമുണ്ട്. ആശാരിമാര്, കല്‍പ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, സ്റ്റീല്‍ ഫിക്സര്‍മാര്‍, ക്രെയിന്‍ ഓപറേറ്റര്‍മാര്‍, ലേബര്‍മാര്‍ തുടങ്ങിയവരെ തേടിയും വിവിധ കമ്പനികള്‍ പരസ്യം നല്‍കിയിട്ടുണ്ട്. മോശമല്ലാത്ത ശമ്പളമാണ് മിക്ക കമ്പനികളും വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപോര്‍ട്ട്. ഖത്തര്‍ സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച മിനിമം വേജ് സംവിധാനം പുതിയ തൊഴിലാളികള്‍ക്ക് ബാധകമാക്കുമെന്നും കമ്പനികള്‍ അറിയിക്കുന്നു.
Private companies go on hiring spree in qatar