ഖത്തറില്‍ സ്‌കൂളുകള്‍ നാളെ തുറക്കും; 30 ശതമാനം കുട്ടികള്‍ക്ക് ഹാജരാവാം

qatar school opening4

ദോഹ: കോവിഡ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ നാളെ തുറക്കും. പൂര്‍ണമായും ഓണ്‍ലൈനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടകലര്‍ത്തിയുള്ള പഠനരീതിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളോട് മന്ത്രാലയത്തിന് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഖത്തറിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും നാളെ മുതല്‍ 30 ശതമാനം വിദ്യാര്‍ഥികളുമായി നേരിട്ടുള്ള പഠനരീതി ആരംഭിക്കുമെന്നാണ് അറിയുന്നത്. സ്‌കൂളുകള്‍ ഇതിനകം മന്ത്രാലയത്തിന് അപേക്ഷ നല്‍കിക്കഴിഞ്ഞു.

എത്ര കുട്ടികള്‍ ക്ലാസില്‍ ഹാജരാവാം എന്ന കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍, കെട്ടിടത്തിന്റെ പരമാവധി ശേഷിയുടെ 30 ശതമാനത്തില്‍ കൂടാന്‍ പാടില്ല. എത്ര പിരീഡ് ഓഫ്‌ലൈന്‍ വേണമെന്നും സ്‌കൂളുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. എന്നാല്‍, സ്‌കുളുകളില്‍ ചുരുങ്ങിയത് നാല് പിരീഡും കെജിയില്‍ രണ്ട് പിരീഡും നിര്‍ബന്ധമാണ്.

മിഡ് ടേം പരീക്ഷ അടുത്തിരിക്കേ സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് നേരിട്ടുള്ള പഠനരീതിയിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നതെന്ന് ഖത്തറിലെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കംചെയ്യുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കുന്നത്. മെയ് 28ന് ആരംഭിച്ച ആദ്യ ഘട്ടത്തില്‍ 30 ശതമാനം കുട്ടികള്‍ക്കാണ് നേരിട്ട് ഹാജരാകാന്‍ സാധിക്കുക. ജൂണ്‍ 18ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തിലും 30 ശതമാനം തന്നെയായിരിക്കും. ജൂലൈ 9ന് ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ ഇത് 50 ശതമാനമായി വര്‍ധിക്കും.
Private schools can choose between blended and remote learning
ALSO WATCH