ദോഹ: ഖത്തറിലെ ഹോളി ഖുര്‍ആന്‍ ലേണിങ് സെന്ററുകളുടെ വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച അല്‍ ഉത്‌റുജ്ജ നിക്ഷേപ പദ്ധതി പൂര്‍ത്തിയായതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. 70 ദശലക്ഷം റിയാല്‍ ചെലവില്‍ നിര്‍മിച്ച 112 അപാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെട്ട രണ്ട് കെട്ടിടങ്ങള്‍ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഈ അപാര്‍ട്ട്‌മെന്റുകളുടെ വാടകയില്‍ നിന്ന ലഭിക്കുന്ന തുക പുതിയ സെന്ററുകളുടെ വികസനത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഖുര്‍ആന്‍ പഠിതാക്കളുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
അല്‍ ഉത്‌റുജ്ജ പദ്ധതി പൂര്‍ത്തിയായതായും വരും ദിവസങ്ങളില്‍ തന്നെ ഇത് തുറക്കുമെന്നും ഔഖാഫ് മന്ത്രാലയത്തിലെ എന്‍ഡോവ്‌മെന്റ്‌സ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ജനറല്‍ ഡയറക്ടര്‍ ശെയ്ഖ് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. ഖത്തറില്‍ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളുടെ എണ്ണം 153 ആയി. ഇതില്‍ 131 എണ്ണം ആണ്‍കുട്ടികള്‍ക്കുള്ളതും 22 എണ്ണം പെണ്‍കുട്ടികള്‍ക്കുള്ളതുമാണ്. 26,489 കുട്ടികളാണ് നിലവില്‍ ഇവിടെ പഠിക്കുന്നത്. കൂടുതല്‍ പേര്‍ ഖുര്‍ആന്‍ പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ച് വരുന്ന സാഹചര്യത്തില്‍ പുതിയ സെന്ററുകള്‍ തുറക്കുമെന്ന് ഡോ. ഖാലിദ് പറഞ്ഞു.
മസ്ജിദുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന പല സെന്ററുകളും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന്റെ ഭാഗമായി പുനരാരംഭിച്ചിട്ടുണ്ട്. ബാക്കി സെന്ററുകള്‍ കോവിഡ് സാഹചര്യം വിലയിരുത്തി ക്രമേണ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.