Friday, September 30, 2022
HomeGulfQatarഖത്തറില്‍ പൂനെ യൂനിവേഴ്‌സിറ്റി കാംപസ് അടുത്ത വര്‍ഷം; രണ്ട് പുതിയ ഇന്ത്യന്‍ സ്‌കൂളുകള്‍ കൂടി; എംബസി...

ഖത്തറില്‍ പൂനെ യൂനിവേഴ്‌സിറ്റി കാംപസ് അടുത്ത വര്‍ഷം; രണ്ട് പുതിയ ഇന്ത്യന്‍ സ്‌കൂളുകള്‍ കൂടി; എംബസി സേവനങ്ങള്‍ കൈയകലത്തില്‍

ദോഹ: കൂടുതല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഖത്തറില്‍ അധികം വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുനെ ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ശാഖ 2021 മധ്യത്തോടെ ഖത്തറില്‍ തുടങ്ങും. ഇതിന്റെ നടപടികള്‍ അവസാനഘട്ടത്തിലാണ്. ബിഎസ്‌സി, ബി.എഡ്, ബിഎ തുടങ്ങിയ കോഴ്‌സുകള്‍ ഇവിടെയുണ്ടാകും. നിലവില്‍ 18 ഇന്ത്യന്‍ സ്‌കൂളുകളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടുപുതിയ സ്‌കൂളുകള്‍കൂടി ഉടന്‍ തുറക്കുമെന്നും അംബാസഡര്‍ അറിയിച്ചു. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരുമായി എംബസി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്

സേവനങ്ങള്‍ ആവശ്യക്കാരെ തേടിച്ചെല്ലും

എംബസിയുടെ സേവനങ്ങളുമായി ഇന്ത്യക്കാരെ അങ്ങോട്ട് തേടിച്ചെല്ലുകയാണ് എംബസിയുടെ ലക്ഷ്യമെന്ന ദീപക് മിത്തല്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായി എത്തിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ എംബസി വെബ്‌സൈറ്റ് മുഖേന ആളുകള്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാനും സേവനങ്ങള്‍ തേടാനും സൗകര്യമുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള അപ്പോയ്ന്‍മെന്റുകള്‍ക്ക് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.

എംബസിയുടെ വിവിധ സേവനങ്ങള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ തേടിച്ചെല്ലുന്ന തരത്തില്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ നടത്തും. ദോഹയില്‍നിന്ന് ദൂരെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പുകള്‍ പതിവായി നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഏഷ്യന്‍ ടൗണിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ക്യാമ്പ് നടത്തിയിരുന്നു. അത് വന്‍ വിജയമായിരുന്നു. എല്ലാമാസവും ആദ്യവെള്ളിയാഴ്ച ഇത്തരത്തില്‍ ഇവിടെ ക്യാമ്പ് നടത്തുമെന്ന് അംബാസഡര്‍ അറിയിച്ചു.

അടിയന്തര അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കായി കഴിഞ്ഞ നവംബര്‍ 21ന് എംബസിയിലും പ്രത്യേക ക്യാമ്പ് നടത്തിയിരുന്നു. ഇതില്‍ 511 സേവനങ്ങളാണ് നല്‍കിയത്. സപ്തംബര്‍ മുതല്‍ നവംബര്‍ വരെ എംബസിയില്‍ 25,000 സര്‍വീസുകളാണ് നല്‍കിയത്. നാല് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ സര്‍വീസ് നടത്തി. ഓണ്‍ലൈനില്‍ നാല് ഓപണ്‍ ഹൗസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു
ഖത്തറില്‍ കേസുകളില്‍ കുടുങ്ങിയും തൊഴില്‍ നിയമലംഘനത്തില്‍പ്പെട്ടും പ്രയാസപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ എംബസി അതത് സമയങ്ങളില്‍ ഇടപെടുന്നുണ്ട്. നാട്ടില്‍നിന്ന് ബന്ധുവിന്റെ ചതിയില്‍പെട്ട് ഖത്തറില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ദമ്പതികള്‍ക്ക് നിയമസഹായമടക്കം നല്‍കുന്നുണ്ട്. ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു. നൂറിലധികം ഇന്ത്യക്കാര്‍ ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കും ആവശ്യമായ നിയമസഹായമടക്കം നല്‍കുന്നുണ്ട്.

തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തതുമായി ബന്ധപ്പെട്ട് 250 പരാതികളാണ് കമ്പനികള്‍ക്കെതിരെ ഈയടുത്ത് കിട്ടിയത്. ഇവയില്‍ ഫലപ്രദമായി ഇടപെട്ടതായും അംബാസഡര്‍ പറഞ്ഞു.

ഖത്തറിന്റെ പ്രധാന വ്യാപാര പങ്കാളി
ഖത്തറിന്റെ മൂന്നാമത് വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. അംബാസഡറായി ചുമതലയേറ്റെടുത്തതിനുശേഷം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, വിവിധ മന്ത്രിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ നിരവധി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉണ്ടാക്കാന്‍ ഖത്തര്‍ അധികൃതര്‍ ഏറെ താല്‍പര്യം കാണിക്കുന്നുണ്ട്.

കോവിഡ് കാലത്ത് വിവിധ അപെക്‌സ് സംഘടനകളുമായി ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങളാണ് എംബസി നടത്തിയത്. ഇതിനകം 30,000 ഇന്ത്യക്കാരാണ് വിവിധ ഘട്ടങ്ങളിലായി കോവിഡ് കാലത്ത് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്.


 

Most Popular