ദോഹ: കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് പ്രാധാന്യം. നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് 238 വിമാനങ്ങള്‍ പറത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് ഇന്‍ഡിഗോ 219 വിമാനങ്ങളും ഗോ എയര്‍ 41 വിമാനങ്ങളും സര്‍വീസ് നടത്തും. സ്വകാര്യ വിമാനങ്ങളുടെയും സര്‍വീസ് നടത്തുന്ന രാജ്യങ്ങളുടെയും എണ്ണം ഇനിയും വര്‍ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ജൂലൈ 3 മുതല്‍ 15വരെയാണ് വന്ദേഭാരത് ദൗത്യം നാലാംഘട്ടം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഘട്ടത്തില്‍ എയര്‍ ഇന്ത്യ പ്രധാനമായും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. അമേരിക്കയിലേക്ക് 31 വിമാനങ്ങള്‍, ബ്രിട്ടനിലേക്ക്-19, കാനഡ-9, ആസ്ത്രേലിയ-8 എന്നിങ്ങനെയാണ് സര്‍വീസ്.
ജൂലൈയില്‍ എയര്‍ ഇന്ത്യ 300 സര്‍വീസുകളാണ് നടത്തുക. ജൂലൈ 14 വരെ 136 വിമാനങ്ങളും ജൂലൈ 15 മുതല്‍ 31 വരെ 164 വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നാലാം ഘട്ടത്തില്‍ സ്വകാര്യ വിമാന കമ്പനികള്‍ മൊത്തം 498 വിമാനങ്ങളാണ് പറത്തുക. അത് ഇനിയും വര്‍ധിക്കും.
അതേ സമയം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്ര സര്‍വീസുകള്‍ ഉണ്ടാവുമെന്ന് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ജൂലൈ 1 മുതല്‍ 14 വരെ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 38 വിമാനങ്ങള്‍ ഉണ്ടാവുമെന്ന് ഇന്നലെ അധികൃതര്‍ അറിയിച്ചിരുന്നു.
ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലൈയില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.