ദോഹ: ലോക കപ്പിന് ആതിഥ്യമരുളാനുള്ള അവസരം ഖത്തറിന് ലഭിച്ചത് മുതലുള്ള വ്യാജ ആരോപണങ്ങള്‍ തള്ളി ഹസന് അല്‍ തവാദി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വൈകാതെ സത്യം മനസ്സിലാക്കുമെന്ന് ലോക കപ്പ് സംഘാടക സമിതിയായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ ലഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി പറഞ്ഞു. സിഎന്‍എന്‍ റിപോര്‍ട്ടര്‍ ബെക്കി ആന്ഡേഴ്സന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010ല്‍ ലോക കപ്പ് ബിഡ് ഖത്തര്‍ വിജയിച്ചത് മുതല്‍ 6,500 വിദേശ തൊഴിലാളികള്‍ ഖത്തറില്‍ മരിച്ചുവെന്ന ഗാര്ഡിയന് റിപോര്‍ട്ട് തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് അല്‍തവാദി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ഖത്തറിന്റെ നിലപാട് സുതാര്യമാണ്. മനുഷ്യാവകാശ സംഘടനകള്‍ക്ക് ഏത് സമയത്തും ഖത്തറില്‍ വന്ന് വസ്തുത മനസ്സിലാക്കാവുന്നതാണ്.
തൊഴിലാളികളുടെ അവകാശങ്ങളെ ചൊല്ലി അന്താരാഷ്ട്ര ടീമുകള്‍ ബഹിഷ്കരണ ഭീഷണി മുഴക്കുന്നതില്‍ ആശങ്കയില്ലെന്ന് അല്‍ തവാദി പറഞ്ഞു. ടൂര്‍ണമെന്റിന്റെ സമയം ആവുമ്പോഴേക്കും അവര്‍ക്ക് ഖത്തറിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കി കൊടുക്കും.
ഖത്തര്‍ വേള്‍ഡ് കപ്പ് സിഇഒ നാസര്‍ അല്ഖാത്തറുമായും ആന്ഡേഴ്സന് സംസാരിച്ചു. വിദേശ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പരിഷ്കരണ നടപടികള്‍ ഒറ്റയടിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സംസ്കാരം, പെരുമാറ്റം തുടങ്ങിയവയൊക്കെ മാറേണ്ടുന്ന ഒരു പ്രക്രിയ ആണത്. ഒരു വര്‍ഷം കൊണ്ടോ മറ്റോ ഇതൊക്കെ പരിഹരിക്കാനാവും എന്ന് പറയുന്നത് സ്വയം വിഡ്ഡിയാക്കലാണ്. ലോക കപ്പ് നടത്താന്‍ അവകാശം ലഭിച്ചതു മൂതല്‍ തുടങ്ങിയ വിമര്‍ശനം കൂടുതല്‍ രൂക്ഷമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO WATCH