ജര്‍മനിക്കും ബ്രിട്ടനും പിന്നാലെ കാനഡ, ആസ്‌ത്രേലിയ, ജോര്‍ജിയന്‍ പൗരന്മാരെ ഖത്തര്‍ എയര്‍വെയ്‌സ് നാട്ടിലെത്തിച്ചു

Qatar Airways

ദോഹ: കൊറോണ വ്യാപനം സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ മാതൃരാജ്യങ്ങളിലെത്തിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ജര്‍മനി, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പിന്നാലെ കാനഡ,ആസ്‌ത്രേലിയ, ജോര്‍ജിയന്‍ പൗരന്മാരെയും ഖത്തര്‍ എയര്‍വെയ്‌സ് നാട്ടിലെത്തിച്ചു. വിമാനങ്ങള്‍ റദ്ദാക്കിയതും എയര്‍പോര്‍ട്ട് അടച്ചിട്ടതും കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ജോര്‍ജിയന്‍ പൗരന്മാരെ ഖത്തര്‍ അധികൃതരുടെയും ഖത്തര്‍ എയര്‍വെയ്‌സിന്റെയും സഹായത്താല്‍ നാട്ടിലെത്തിച്ചതായി ജോര്‍ജിയന്‍ അംബാസഡര്‍ നിക്കോളോസ് റിവാസിഷ്‌വിലി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയില്‍ കുടുങ്ങിയ 81 ജോര്‍ജിയന്‍ വിദ്യാര്‍ഥികളെ ഹമദ് ഇന്റര്‍നാഷനല്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിച്ചത്.

കാനഡയും ആസ്‌ത്രേലിയയും ഖത്തര്‍ എയര്‍വെയ്‌സിന് നന്ദി അറിയിച്ചു. 63 ആസ്‌ത്രേലിയക്കാരും 141 കാനഡക്കാരുമാണ് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ സിഡ്‌നിയിലും മെല്‍ബണിലുമെത്തിയത്.

മാര്‍ച്ച് മാസത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 45,000 ബ്രിട്ടീഷുകാരെ ഖത്തര്‍ എയര്‍വെയ്‌സ് നാട്ടിലെത്തിച്ചിരുന്നു. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് ജര്‍മനിക്കാരെയും ഖത്തര്‍ എയര്‍വെയ്‌സ് നാട്ടിലെത്താന്‍ സഹായിച്ചു.

Qatar Airways helps Canadian, Australian and Georgian nationals reach home