ഏഴ് ദിവസത്തിനിടെ ഖത്തര്‍ എയര്‍വെയ്‌സ് സ്വരാജ്യത്തെത്തിച്ചത് ലക്ഷം പേരെ

ദോഹ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള വെല്ലുവിളി ഏറ്റെടുത്ത് ഖത്തര്‍ എയര്‍വെയ്‌സ് ദൗത്യം തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് സ്വരാജ്യത്തെത്തിച്ചത് ഒരു ലക്ഷത്തിലേറെ പേരെ.

ലക്ഷത്തോളം പേരില്‍ 74 ശതമാനവും യാത്ര ചെയ്തത് മാര്‍ച്ച് 24ാം തിയ്യതിയായിരുന്നു. വിവിധ രാജ്യങ്ങള്‍ അതിര്‍ത്തികളും വിമാനത്താവളങ്ങളും അടക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പറന്നവരായിരുന്നു ഇവര്‍.

ആധുനിക എയര്‍ഫില്‍ട്ടര്‍ സംവിധാനത്തോട് കൂടിയുള്ള ഏറ്റവും പുതിയ വിമാനങ്ങളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കിയാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും വിമാനങ്ങള്‍ പറന്നത്. ദോഹയില്‍ നിന്ന് പാരിസ്, പെര്‍ത്ത്, ഡബ്ലിന്‍ തുടങ്ങിയ നഗരങ്ങളിലേക്ക് അധിക വിമാനങ്ങള്‍ പറത്തി. 75 നഗരങ്ങളിലേക്കാണ് നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണം കടുപ്പിക്കുന്നതോടെ ഇതിന്റെ എണ്ണം കുറയാനിടയുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കി.

Qatar Airways helps over 100,000 passengers reach home in seven days