കൊച്ചിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് ചരക്കുവിമാനം സര്‍വീസ് ആരംഭിച്ചു

Qatar Airways

ദോഹ: കൊച്ചിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ചരക്കു വിമാനം സര്‍വീസ് തുടങ്ങി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ മിക്ക വിമാന കമ്പനികളും സര്‍വീസ് നിര്‍ത്തിവച്ചെങ്കിലും കുടുങ്ങിപ്പോയ യാത്രക്കാരെ അവരുടെ ജന്മനാട്ടിലെത്തിക്കുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് തുടരുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് കൊച്ചിയിലേക്കുള്ള ആദ്യ ചരക്കുവിമാനം പറന്നത്. ക്യുആര്‍8640 നമ്പറിലുള്ള യാത്രവിമാനമാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. പുലര്‍ച്ചെ 2.15ന് ഖത്തറില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8.42ന് കൊച്ചിയിലെത്തി. ഇതോടെ ഖത്തറില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും വഴിയൊരുങ്ങും. യാത്രാവിമാനങ്ങളുടെ വിലക്ക് കാരണം ഖത്തറില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെക്കാനാവാതെ ഇവിടെ തന്നെ സംസ്‌കരിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹമാണ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ത്യയില്‍ എത്തിയത്.

ഖത്തര്‍ എയര്‍വെയ്സ് 19 ചരക്കു വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് പറത്താന്‍ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചിരുന്നു. ബോയിങ് 777-330ഇആര്‍, ബോയിങ് 787 ഡ്രീംലൈനര്‍ യാത്രാ വിമാനങ്ങളാണ് ഖത്തര്‍ ചരക്കുവിമാനമായി ഉപയോഗിക്കുന്നത്. ഡല്‍ഹി(ആഴ്ച്ചയില്‍ മൂന്ന് തവണ), ഹൈദരാബാദ്(ആഴ്ച്ചയില്‍ രണ്ടു തവണ), ബംഗളൂരു(ആഴ്ച്ചയില്‍ മൂന്ന് തവണ), മുംബൈ(ആഴ്ച്ചയില്‍ അഞ്ചു തവണ), കൊല്‍ക്കത്ത(ആഴ്ച്ചയില്‍ രണ്ടു തവണ) എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങിയത്.

Qatar airways started cargo service to kochi