Wednesday, December 1, 2021
HomeNewsfeedഅമീര്‍ കപ്പ് കലാശപ്പോരാട്ടം നാളെ; കളിയാവേശത്തില്‍ ഖത്തര്‍

അമീര്‍ കപ്പ് കലാശപ്പോരാട്ടം നാളെ; കളിയാവേശത്തില്‍ ഖത്തര്‍

ദോഹ: ഖത്തറിലെ രണ്ട് ജനപ്രിയ ക്ലബ്ബുകള്‍ കൊമ്പുകോര്‍ക്കുന്ന 49മാത് അമീര്‍ കപ്പ് ഫൈനലിന്(Qatar amir cup final) നാളെ പന്തുരുളും. ഖത്തറിലെ രണ്ട് പ്രമുഖ ക്ലബ്ബുകളായ അല്‍ സദ്ദും(Al Sadd SC) അല്‍ റയ്യാനും(Al Rayyan SC) കൊമ്പുകോര്‍ക്കുമ്പോള്‍ ദീര്‍ഘനാളുകള്‍ക്കു ശേഷം വീണ്ടും നിറഞ്ഞ ഗ്യാലറിയില്‍ ആവേശം വാനോളമുയരും.

നാളെ വൈകീട്ട് പ്രാദേശിക സമയം 7ന് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മല്‍സരം. ശില്‍പ്പഭംഗിയില്‍ ഒരു മാസ്റ്റര്‍ പീസായ, ലോക കപ്പിനായി നിര്‍മിച്ച അല്‍ തുമാമ സ്റ്റേഡയത്തിന്റെ ഉദ്ഘാടനവും അതോടൊപ്പം നടക്കുന്നു എന്നത് കൂടുതല്‍ ആവേശം സൃഷ്ടിക്കും. ഫൈനല്‍ മല്‍സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ഖത്തറിന്റെ സ്വന്തം വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസ് ആണ്.

കളി കാണാനെത്തുന്നവര്‍ക്ക് പ്രത്യേകം ഫാന്‍ ഐഡി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ പ്രവേശനത്തിനൊപ്പം ദോഹ മെട്രോയില്‍ സൗജന്യ യാത്ര നടത്തുന്നതിനും ഈ കാര്‍ഡ് ഉപയോഗിക്കാം.

കോവിഡ് മഹാമാരിക്ക് ശേഷം 100 ശതമാനം കാണികളുമായി നടക്കുന്ന ആദ്യ ഫുട്‌ബോള്‍ മല്‍സരം കൂടിയാണിത്. പരമ്പരാഗത അറബി തൊപ്പിയുടെ മാതൃകയില്‍ നിര്‍മിച്ച അല്‍ തുമാമ സ്റ്റേഡിയത്തില്‍ 40,000 സീറ്റുകളാണുള്ളത്.
ALSO WATCH

Most Popular