Thursday, December 2, 2021
HomeNewsfeedഖത്തര്‍ അമീര്‍ കപ്പ് കാണാന്‍ സ്റ്റേഡിയത്തിലേക്ക് സൗജന്യ യാത്ര; കാണികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അറിയാം

ഖത്തര്‍ അമീര്‍ കപ്പ് കാണാന്‍ സ്റ്റേഡിയത്തിലേക്ക് സൗജന്യ യാത്ര; കാണികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അറിയാം

ദോഹ: ഖത്തറിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ അമീര്‍ കപ്പ് ഫൈനല്‍(Qatar amir cup final) മത്സരത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ണം. കോവിഡിന് ശേഷം സ്റ്റേഡിയം നിറയെ കാണികളെ അനുവദിക്കുന്ന ആദ്യ മല്‍സരമാണിത്. അവേശപൂര്‍വ്വം കളികാണാനൊരുങ്ങി നില്‍ക്കുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്താന്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചു.

ഈ മാസം 22ന് വൈകിട്ട് 7നാണ് അല്‍ സദ്ദും അല്‍ റയാനും തമ്മില്‍ അമീര്‍ കപ്പിനായുള്ള പോരാട്ടം. 2022 ഫിഫ ഖത്തര്‍ ലോകകപ്പിനായി പൂര്‍ത്തിയായ ആറാമത്തെ സ്റ്റേഡിയമായ അല്‍ തുമാമയിലാണ് മത്സരം നടക്കുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

40,000 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനമുണ്ട്. ഈ മാസം 7ന് മുന്‍പായി കോവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കിയവര്‍ക്കും 2020 ഒക്ടോബര്‍ 21ന് ശേഷം കോവിഡ് വന്നു ഭേദമായവര്‍ക്കും മാത്രമാണ് പ്രവേശനം.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മത്സരത്തിന് 24 മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാണ്. ഇത്തവണ ടിക്കറ്റ് ഉടമകള്‍ക്ക് ഫാന്‍ ഐഡിയുണ്ടെങ്കില്‍ മാത്രമേ പ്രവേശനമുണ്ടാകൂ. ഫാന്‍ ഐഡി വിതരണം നേരത്തേ ക്യുഎന്‍സിസിയില്‍ ആരംഭിച്ചിരുന്നു.

നേരത്തെ എത്തണം

മത്സരം തുടങ്ങുന്നതിന് 3 മണിക്കൂര്‍ മുന്‍പ് സ്റ്റേഡിയവും 4 മണിക്കൂര്‍ മുന്‍പായി കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളും തുറക്കും.

കാണികള്‍ നേരത്തെ എത്തണം. കൈവശം ഖത്തര്‍ ഐഡിയും ഫാന്‍ ഐഡിയും നിര്‍ബന്ധമാണ്.

പൊതുഗതാഗതം

ദോഹ മെട്രോയുടെ ഫ്രീ സോണ്‍ സ്റ്റേഷനില്‍ (റെഡ്ലൈന്‍) നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചും സൗജന്യ ഷട്ടില്‍, കര്‍വ ബസ് സര്‍വീസ് ഉണ്ടാകും. സൗജന്യ ബസ് സേവനം മത്സരത്തിന് 4 മണിക്കൂര്‍ മുന്‍പ് വൈകിട്ട് 4 മുതല്‍ മത്സരം കഴിഞ്ഞ ശേഷം ഒന്നര മണിക്കൂര്‍ വരെയും ലഭിക്കും. ഫാന്‍ ഐഡിയുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം.

ടാക്സിയില്‍ വരുന്നവര്‍

സ്റ്റേഡിയത്തിന്റെ കിഴക്കു വശത്ത് അല്‍ മദീന സ്ട്രീറ്റില്‍ സജ്ജമാക്കിയ പ്രത്യേക ടാക്സി സോണില്‍ ഇറങ്ങണം.

സ്വന്തം വാഹനത്തില്‍ വരുന്നവര്‍

സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ സബാഹ് അല്‍ അഹ്‌മദ് കോറിഡോറിനു നേരേ സഞ്ചരിച്ച് ആദ്യത്തെ എക്സിറ്റ് എടുക്കണം. തുടര്‍ന്നുള്ള സൈന്‍ ബോര്‍ഡുകള്‍ പിന്തുടര്‍ന്നാല്‍ പാര്‍ക്കിങ് സ്ഥലത്തെത്താം. ദോഹ എക്സ്പ്രസ് വേ, റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്കുള്ള എക്സിറ്റിലെത്തി അവിടെ നിന്ന് യു-ടേണ്‍ എടുത്ത് സൈന്‍ ബോര്‍ഡുകള്‍ പ്രകാരം യാത്ര ചെയ്താല്‍ പൊതുപാര്‍ക്കിങ്ങില്‍ എത്താം.

ജനറല്‍ ടിക്കറ്റ് എടുത്തവര്‍

ജനറല്‍ ടിക്കറ്റെടുത്തവര്‍ക്ക് പടിഞ്ഞാറും വടക്കു ഭാഗത്തുമാണ് പാര്‍ക്കിങ്. പടിഞ്ഞാറ് വശത്ത് സബാഹ് അല്‍ അഹ്‌മദ് കോറിഡോറിന്റെ ഭാഗത്ത് ദോഹ എക്സ്പ്രസ് വേ ജങ്ഷനും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് ജംങ്ഷനും ഇടയിലും വടക്കു വശത്ത് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിന്റെ ഭാഗത്ത് സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍ ജങ്ഷനും ദോഹ എക്സപ്രസ് വേ ജങ്ഷനും ഇടയിലുമുള്ള റോഡിലൂടെ പാര്‍ക്കിങ്ങില്‍ എത്താം.
ALSO WATCH

Most Popular