ഖത്തറില്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങിയെത്തുക മൂന്ന് ഘട്ടമായി

qatar private schools

ദോഹ: സപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നതിന് ഘട്ടം ഘട്ടമായുള്ള പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഇത് ബാധകമായിരിക്കും.

ഒന്നാം ഘട്ടം
സ്പ്തംബര്‍ 1 മുതല്‍ 3 വരെ നീളുന്നതാണ് ആദ്യ ഘട്ടം. ഈ ഘട്ടത്തില്‍ ഓരോ ദിവസവും മൂന്നിലൊന്ന് കുട്ടികളാണ് ക്ലാസുകളിലെത്തുക. ആദ്യ ദിവസം എത്തുന്ന കുട്ടികള്‍ രണ്ടാം ദിവസവും മൂന്നാം ദിവസവും പോകേണ്ടതില്ല. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളിലെ പുതിയ സാഹചര്യം പരിചയപ്പെടുന്നതിന് വേണ്ടിയുള്ളതാണ് ഈ മൂന്ന് ദിവസം. ഈ സമയത്ത് പാഠങ്ങളൊന്നും പഠിപ്പിക്കില്ല. ഓരോ ദിവസവും ഏത് ഗ്രൂപ്പ് കുട്ടികളാണ് എത്തേണ്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കും.

രണ്ടാംഘട്ടം
സ്പ്തംബര്‍ 6 മുതല്‍ 12 വരെയും സപ്തംബര്‍ 13 മുതല്‍ 17 വരെയുമായി രണ്ടാഴ്ച്ച നീളുന്നതാണ് ഈ ഘട്ടം. പഠനം ആരംഭിക്കുക രണ്ടാം ഘട്ടത്തിലാണ്. ഓരോ ആഴ്ച്ചയും 50 ശതമാനം വിദ്യാര്‍ഥികള്‍ ക്ലാസിലെത്തും. പകുതി കുട്ടികള്‍ ക്ലാസിലാവുമ്പോള്‍ ബാക്കി പകുതി ഓണ്‍ലൈനില്‍ പഠനം തുടരും. അടിയന്തര സാഹചര്യത്തില്‍ കൈക്കൊള്ളാവുന്ന വിദൂര വിദ്യാഭ്യാസ രീതി പരിചയപ്പെടുത്തുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം. ആരോഗ്യ മുന്‍കരുതലുകളും മറ്റും ഈ ഘട്ടത്തില്‍ പരിചയപ്പെടുത്തും

മൂന്നാംഘട്ടം
സപ്തംബര്‍ 20 മുതല്‍ ആരംഭിക്കുന്ന ഈ ഘട്ടത്തിലാണ് സ്‌കൂളുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുക.

വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണവും സ്‌നാക്ക്‌സും വീട്ടില്‍ നിന്ന് കൊണ്ടുവരേണ്ടി വരും. സ്‌കൂള്‍ കാന്റീനുകളും കഫേകളും പ്രവര്‍ത്തിക്കില്ല.

Qatar announces three-phase plan to gradually bring students back to schools