റമദാനിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ മതകാര്യ മന്ത്രാലയം

dr khalid bin muhammad bin ganim

ദോഹ: ഖത്തറിലെ റമദാന്‍ മാസത്തേക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റമദാന്‍ വ്രതം, തറാവീഹ് നമസ്‌കാരം, നോമ്പ് തുറക്കുള്ള നിബന്ധനകള്‍ എന്നിവ ഏതു വിധമാവണമെന്ന് നിര്‍ദേശങ്ങള്‍ ജനങ്ങളെ ഉടന്‍ അറിയിക്കുമെന്ന് മതകാര്യ മന്ത്രാലയം ഡയറക്ടര്‍ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനിം ആല്‍ഥാനി പറഞ്ഞു.

റമദാനിലെ തറാവീഹ് നമസ്‌കാരം, ജുമുഅ നമസ്‌കാരം പോലുള്ളവ സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിബന്ധന ലംഘിക്കുന്ന കാര്യങ്ങളാണ്. ഇ്ക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ആരോഗ്യവിഭാഗമാണ്. അവരുടെ നിര്‍ദേശപ്രകാരം മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നതും ശുദ്ധി നിലനിര്‍ത്തണമെന്നതും പ്രവാചക നിര്‍ദേശമാണ്. അത് പാലിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിച്ചുകൊടുക്കുന്ന ഹിഫ്‌സ് അല്‍ നാഇമ സെന്ററിന്റെ പദ്ധതി മതകാര്യമന്ത്രാലയത്തിന്റെ പിന്തുണയോടെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഏപ്രില്‍ 14 മുതല്‍ മൂന്ന് മാസം 1035 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കും. വലിയ ചടങ്ങുകളില്‍ ബാക്കിയാവുന്ന ഭക്ഷണം ഉപയോഗിച്ചാണ് നേരത്തേ ഈ പദ്ധതി പ്രധാനമായും മുന്നോട്ടുകൊണ്ടുപോയിരുന്നത്. സാമൂഹിക അകലം പാലിക്കലിനെ തുടര്‍ന്ന് പദ്ധതി നിര്‍ത്തേണ്ട സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മതകാര്യമന്ത്രാലയം ഇടപെട്ടത്.

Qatar awqaf ministry about ramadan