Thursday, January 27, 2022
HomeNewsfeedഖത്തര്‍ ഫിഫ അറബ് കപ്പിന്റെ ആവേശത്തിലേക്ക്; ഖത്തര്‍-ബഹ്‌റൈന്‍ പോര് ഇന്ന് 7.30ന്

ഖത്തര്‍ ഫിഫ അറബ് കപ്പിന്റെ ആവേശത്തിലേക്ക്; ഖത്തര്‍-ബഹ്‌റൈന്‍ പോര് ഇന്ന് 7.30ന്

ദോഹ: അറബ് മേഖലയിലെ 16 വമ്പന്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ്(fifa arab cup) ടൂര്‍ണമെന്റിന് ഇന്ന് പന്തുരുളും(kickoff). ലോക കപ്പ് മുന്നൊരുക്കങ്ങള്‍ പരീക്ഷിച്ച് ഉറപ്പ് വരുത്തുന്ന ടൂര്‍ണമെന്റില്‍  മിഡില്‍ ഈസ്റ്റിലെ 10 രാജ്യങ്ങള്‍ക്കൊപ്പം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളും മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്. വ്യത്യസ്ത സ്റ്റേഡിയങ്ങളിലായി നാല് മത്സരങ്ങളാണ് ആദ്യദിനത്തില്‍ അരങ്ങേറുന്നത്.

അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ആതിഥേയരായ ഖത്തറും ബഹ്റൈനും(Qatar vs Bahrain) തമ്മില്‍ പ്രാദേശിക സമയം വൈകീട്ട് 7.30ന് ആണ് അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ ആദ്യപോരാട്ടം. അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.

അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1 മണിക്ക് ടുണീഷ്യ-മൗറിത്താനിയ മല്‍സരമാണ് ഇന്ന് നടക്കുന്ന ആദ്യ പോരാട്ടം. അല്‍ജനൂബ് സ്‌റ്റേഡിയത്തില്‍ ഇറാഖ്-ഒമാന്‍(വൈകീട്ട് 4ന്), സ്‌റ്റേഡിയം 974ല്‍ യുഎഇ-സിറിയ(രാത്രി 10ന്) മത്സരങ്ങളും ഇന്ന് നടക്കും.

നാളെ അല്‍ജീരിയ-സുദാന്‍, ഈജിപ്ത്-ലബ്‌നാന്‍, മൊറോക്കോ-ഫലസ്തീന്‍, സൗദി അറേബ്യ-ജോര്‍ദാന്‍ മല്‍സരങ്ങള്‍ നടക്കും.

16 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് നടക്കുന്ന ആദ്യഘട്ടത്തില്‍ നിന്നും എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലിലേക്ക് മുന്നേറും.

ഗ്രൂപ്പ് എ : ഖത്തര്‍, ഇറാഖ്, ഒമാന്‍, ബഹ്റൈന്‍

ഗ്രൂപ്പ് ബി : തുണീഷ്യ, യുഎഇ, സിറിയ, മൗറിത്താനിയ

ഗ്രൂപ്പ് സി : മൊറോക്കോ, സൗദി അറേബ്യ, ജോര്‍ദാന്‍, ഫലസ്തീന്‍

ഗ്രൂപ്പ് ഡി : അല്‍ജീരിയ, ഈജിപ്ത്, ലബ്‌നാന്‍, സുദാന്‍

 

Most Popular