Wednesday, January 19, 2022
HomeNewsInternationalഅറബ് ലീഗിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിന് ഖത്തര്‍ തടസ്സം നില്‍ക്കുന്നുവെന്ന് സിറിയ

അറബ് ലീഗിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിന് ഖത്തര്‍ തടസ്സം നില്‍ക്കുന്നുവെന്ന് സിറിയ

ദമസ്‌കസ്: അറബ് ലീഗിലേക്ക് മടങ്ങി വരാനുള്ള സിറിയയുടെ ശ്രമങ്ങള്‍ തടയുന്നതില്‍ ഖത്തറിനും പങ്കെന്ന് സിറിയന്‍ വിദേശ കാര്യ സഹമന്ത്രി ബഷാര്‍ ജഅഫരി. ലബ്‌നാന്‍ പത്രമായ അല്‍ മയാദീന്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

അറബ് ലീഗ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിറിയയെ തടയുന്നത് ഖത്തറാണെന്ന് സംശയലേശമന്യേ പറയാനാവും- ജഅഫരി പറഞ്ഞു. ഭൂരിഭാഗം അറബ് രാജ്യങ്ങളും സിറിയയുടെ മടങ്ങി വരവിന് അനുകൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സിറിയയുടെ അറബ് ലീഗിലേക്കുള്ള മടക്കത്തെ തടയുന്ന രാജ്യങ്ങള്‍ പടിഞ്ഞാറന്‍ അജണ്ടയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജഅഫരി ആരോപിച്ചു.

2011ല്‍ അറബ് വസന്തത്തിന്റെ മൂര്‍ധന്യത്തിലാണ് സിറിയയുടെ അറബ് ലീഗ് അംഗത്വം റദ്ദാക്കിയത്. സമധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബശ്ശാറുല്‍ അസദ് രാജിവയ്ക്കണമെന്നും അറബ് ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

10 വര്‍ഷത്തിനിപ്പുറവും സിറിയയിലെ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. അധികാരത്തില്‍ തുടരുന്നതിന് പ്രതിപക്ഷത്തിനെതിരേ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് സിറിയന്‍ സര്‍ക്കാര്‍ നടത്തുന്നത്.

അടുത്ത അറബ് ലീഗ് യോഗം അല്‍ജീരിയയില്‍ ആണ് നടക്കുന്നത്. സിറിയയെ ലീഗിലേക്ക് മടക്കിക്കൊണ്ടു വരാന്‍ അല്‍ജീരിയ ശ്രമിക്കുന്നതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു.

സിറിയയെ അറബ് ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയ കാരണം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് ഖത്തറിന്റെ നിലപാട്. രാഷ്ട്രീയ സമവായത്തിന് ഗൗരവകരമായ നടപടികള്‍ സ്വീകരിക്കാതെ സിറിയയുടെ മെമ്പര്‍ഷിപ്പ് പുനസ്ഥാപിക്കാനാവില്ലെന്നു ഖത്തര്‍ വിദേശ കാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനി ഈ മാസം ആദ്യത്തില്‍ പ്രസ്താവിച്ചിരുന്നു.

Most Popular