ദോഹ: ഖത്തറില്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന് ലഭിക്കുന്നവരുടെ കുറഞ്ഞ പ്രായം 65ല്‍ നിന്ന് 60 ആക്കി. 60ഉം അതിന് മുകളിലും പ്രായമുള്ള രാജ്യത്തെ മുഴുവന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വാക്സിന് ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 23 ന് ആരംഭിച്ച വാക്സിനേഷന് കാംപയ്ന്റെ ആദ്യ ആഴ്ചകളില്‍ 70 ആയിരുന്ന പ്രായപരിധി. കഴിഞ്ഞ ആഴ്ചയില്‍ 65 ആക്കിയിരുന്നതാണ് വീണ്ടും 60 ആക്കി കുറച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ പട്ടിക പുതുക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തേസമയം, ഈ മാസം 31 വരെ നീളുന്ന ആദ്യ ഘട്ടത്തില്‍ ഇന്നു മുതല്‍ 27 ഹെല്‍ത്ത് സെന്ററുകളില്‍ കൊവിഡ് വാക്സിനേഷന് ലഭിക്കും. 60 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍, വിട്ടുമാറാത്ത ഗുരുതര രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് ആദ്യ ഘട്ടത്തിലെ മുന്‍ഗണനാ പട്ടികയിലുളളത്. രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസര്‍-ബയോടെക്ക് വാക്സിന് സൗജന്യമായാണ് നല്‍കുന്നത്.
കോവിഡ് 19 വാക്സിന് സ്വീകരിക്കാന്‍ താല്പര്യമുള്ള പൗരന്മാര്ക്കും താമസക്കാര്‍ക്കും ഈ ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പുതിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫോം 2021 ജനുവരി 17 ഞായറാഴ്ച ( ഇന്നു )മുതല്‍ ലഭ്യമാകും. കൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളിലുള്ള ആളുകള്‍ക്ക് വാക്സിന് സ്വീകരിക്കുന്നതിന് അപ്പോയിന്മെന്റിന് വേണ്ടി അപേക്ഷിക്കാന്‍ ഈ ലിങ്കിലൂടെ സാധിക്കും. നിലവില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കും ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവരുടെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം സൂക്ഷിക്കും. ഇവര്‍ യോഗ്യരാവുന്ന സമയത്ത് മന്ത്രാലയം വിവരമറിയിക്കും.
ഈ സേവനം ഉപയോഗിക്കുന്നതിന്, നാഷണല്‍ ഓതന്റിക്കേഷന് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നേമും പാസ് വേര്‍ഡും വേണം. എന്‍എഎസ് അക്കൗണ്ട് ഇല്ലെങ്കില്‍ ഈ ലിങ്കില്‍ പോയി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്.