ഭിന്നശേഷിക്കാരന്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വിലക്കെടുത്ത് ഖത്തറിലെ വ്യവസായി

qatar business man help differently abled

ദോഹ: കട്ടിലില്‍ കിടന്ന് നിര്‍മിച്ച കുടകളും പേപ്പര്‍ പേനകളും ലോക്ക്ഡൗണ്‍ കാരണം വില്‍ക്കാനാവാതെ വിഷമിച്ച ഭിന്നശേഷിക്കാരന് ഖത്തറില്‍ നിന്നൊരു സഹായ ഹസ്തം. കോഴിക്കോട് മുണ്ടുപാലം സ്വദേശി സതീഷിനാണ് പ്രതീക്ഷിക്കാത്ത സഹായമെത്തിയത്.

തെങ്ങില്‍ നിന്ന് വീണ് അരക്കുതാഴെ തളര്‍ന്ന് കിടക്കുന്ന സതീഷ് മഴക്കാല വിപണി ലക്ഷ്യമിട്ടു നിര്‍മിച്ച കുടകളും പേനകളും കൊറോണ വ്യാപനത്ത തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം വില്‍ക്കാനാവാതെ പ്രയാസപ്പെട്ടിരിക്കുകയായിരുന്നു. ഈ വിവരം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് ഖത്തറിലെ പ്രമുഖ വ്യവസായിയും മണാശ്ശേരി പ്രതീക്ഷാ സ്പെഷ്യല്‍ സ്‌കൂള്‍ പ്രസിഡന്റും ഒഐസിസി ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖ് പുറായില്‍ സഹായവുമായി രംഗത്തെത്തിയത്. സതീഷ് നിര്‍മിച്ച മുഴുവന്‍ കുടകളും പേനകളും സിദ്ദീഖ് പുറായില്‍ വിലക്കെടുക്കുകയായിരുന്നു.

ചെറിയ പരിക്കുള്ളവര്‍ പോലും ജോലി ചെയ്യാന്‍ മടിക്കുന്ന ഇക്കാലത്ത് അരക്ക് താഴെ തളര്‍ന്നുകിടക്കുന്ന ഒരാള്‍ ജോലി ചെയ്ത് ജീവിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണന്ന് സിദ്ദീഖ് പുറായില്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ കെട്ടിക്കിടക്കുന്നതില്‍ പ്രയാസപ്പെട്ടിരിക്കുന്ന തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച സഹായത്തിന് സതീഷ് നന്ദി പ്രകടിപ്പിച്ചു. വാര്‍ത്ത കണ്ട് മറ്റു ചിലരില്‍ നിന്നും സതീഷിന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.