തന്നെ തട്ടിക്കൊണ്ടുപോയത് കൈയും കാലും കെട്ടി ഇന്നോവയുടെ ഡിക്കിയില്‍ ഇട്ടെന്ന് ഖത്തര്‍ വ്യവസായി

ATK Ahammad

ദോഹ: കൈയും കാലും കെട്ടി ഇന്നോവ വാഹനത്തിന്റെ ഡിക്കിയില്‍ ഇട്ടാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് ഖത്തറിലെ പ്രവാസി വ്യവസായി എടികെ അഹമ്മദ്. ഖത്തറിലെ ബിസിനസ് രംഗത്തുണ്ടായ തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് സുബ്ഹി നമസ്‌കാരത്തിന് പോകുന്ന വേളയിലാണ് സംഭവം നടന്നത്. തന്റെ ബൈക്കിന് മുന്നില്‍ ഇന്നോവ കൊണ്ടു വന്നിട്ട് തടഞ്ഞു നിര്‍ത്തുകയായിരുന്നു. വഴി ചോദിക്കാനാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. വാഹനത്തില്‍ നിന്ന് ഏതാനും പേര്‍ ഇറങ്ങി എന്നോട് വണ്ടിയിലേക്ക് കയറാന്‍ പറഞ്ഞു. ബഹളം വച്ചപ്പോള്‍ ഒരു തവണ അടിച്ചു. ഒച്ചു വച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. വായക്ക് സ്റ്റിക്കറൊട്ടിച്ച ശേഷം കൈയും കാലും കെട്ടി ഇന്നോവയുടെ പിറകില്‍ ഇടുകയായിരുന്നു. ശേഷം തന്റെ മുകളില്‍ ഒരു തുണിയും എടുത്തിട്ടു.

രാമനാട്ടുകരയില്‍ നിന്ന് ഒന്നര മണിക്കൂറോളം ഓടിയാല്‍ എത്തുന്ന ദൂരത്തിലുള്ള ഒരു വീട്ടിലാണ് തന്നെ പാര്‍പ്പിച്ചിരുന്നത് എന്ന് അഹമ്മദ് പറഞ്ഞു. അവിടെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ജനലുകള്‍ ഉള്‍പ്പെടെ പുറത്ത് നിന്ന് പട്ടിക അടിച്ചു ഭദ്രമാക്കിയിരുന്നു. പറയുന്നത് പോലെ അനുസരിച്ചാല്‍ ഒന്നും ചെയ്യില്ലെന്നും ഇല്ലെങ്കില്‍ കൊച്ചിയിലേക്കു കൊണ്ടു പോയി അവയവങ്ങള്‍ ഛേദിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. സംസാരത്തില്‍ നിന്ന് തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ഭാഗത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ് മനസ്സിലായത്.

ഖത്തറിലെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പയ്യന്നൂര്‍ സ്വദേശികളായ അലീം, റഈസ് എന്നിവര്‍ക്ക് ഇത്ര തുക കൊടുക്കാനുണ്ടോ എന്നാണ് അവര്‍ കാര്യമായി ചോദിച്ചത്. എന്നാല്‍, 2016ലെ കാര്യമാണെന്നും 2017 മുതല്‍ കമ്പനി കാര്യങ്ങള്‍ നടത്തുന്നത് അനുജന്മാരായതിനാല്‍ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും താന്‍ മറുപടി നല്‍കിയതായി അഹമ്മദ് വെളിപ്പെടുത്തി. സള്‍ഫര്‍ കെമിക്കല്‍സില്‍ മാനേജരായിരുന്ന പയ്യോളി സ്വദേശി നിസാറാണ് കാര്‍ഗോ സെക്ഷന്‍ തുടങ്ങാനെന്ന് പറഞ്ഞ് 2016ല്‍ അലീം, റഈസ് എന്നിവരെ കൊണ്ടു വന്നത്. 2017ല്‍ ഞാന്‍ നാട്ടില്‍ നിന്ന് ഖത്തറിലെത്തിയ സമയത്ത് അതുവരെയുള്ള കണക്കുകള്‍ തീര്‍ത്തിരുന്നു. തുടര്‍ന്നുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് അനുജന്മാരാണ്. കമ്പനിയുമായി ബന്ധപ്പെട്ട് മറ്റു കണക്കുകള്‍ എന്തെങ്കിലുമുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അഹമ്മദ് വ്യക്തമാക്കി.

രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ തന്നെ രാമനാട്ടുകരയ്ക്ക് സമീപത്തുള്ള ഒരു സ്ഥലത്ത് തന്നെ ഇറക്കിവിടുകയായിരുന്നു. കൈയില്‍ 500 രൂപയും തന്നിരുന്നു. തട്ടിക്കൊണ്ടു പോകാന്‍ ഏല്‍പ്പിച്ചവര്‍ നിങ്ങളെ വിട്ടയക്കാന്‍ പറഞ്ഞതു കൊണ്ടാണ് വിടുന്നതെന്ന് അവര്‍ പറഞ്ഞു. വിട്ടയക്കാന്‍ താന്‍ പണമൊന്നും നല്‍കിയിട്ടില്ലെന്നും അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.