കൊറോണ നിയന്ത്രണങ്ങള്‍ നീട്ടാന്‍ ഖത്തര്‍ മന്ത്രിസഭാ തീരുമാനം

qatar prime minister sheikh khali bin khalifa

ദോഹ: കൊറോണയുമായി ബന്ധപ്പെട്ട് ജോലി സ്ഥലങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം കുറയ്ക്കുക, സ്വകാര്യ ആശുപത്രികളിലെ നോണ്‍ എമര്‍ജന്‍സി സേവനങ്ങള്‍ അവസാനിപ്പിക്കുക ഉള്‍പ്പെടെ മാര്‍ച്ച് 28ന് എടുത്ത തീരുമാനങ്ങള്‍ തുടരും.

കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ പൊതുജനാരോഗ്യ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അവശ്യ വൈദ്യ സേനം അല്ലാത്തവയൊക്കെ നിര്‍ത്തിവയ്ക്കാനുള്ള മുന്‍ തീരുമാനം തുടരും. ഡെന്റല്‍ ക്ലിനിക്ക്, ഡെര്‍മറ്റോളജി, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക്ക് സര്‍ജറി തുടങ്ങിയവ തുടര്‍ന്നും പ്രവര്‍ത്തിക്കില്ല. ഡയറ്റ് ന്യൂട്രീഷ്യന്‍ സെന്ററുകള്‍, ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍, കോംപ്ലിമെന്ററി മെഡിസിന്‍, ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല. ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഇവയില്‍ ചില സര്‍വീസുകള്‍ സാധ്യമെങ്കില്‍ തുടരാവുന്നതാണ്.

വീടുകളില്‍ ചെന്ന് ശുചീകരണപ്രവര്‍ത്തനം നടത്തുന്ന സേവനം നിര്‍ത്തിവയ്ക്കല്‍, ബസ്സുകളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെ എണ്ണം പകുതിയാക്കല്‍ തുടങ്ങിയ തീരുമാനങ്ങളും ദീര്‍ഘിപ്പിച്ചതായി മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചു. ഏപ്രില്‍ 30 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് തീരുമാനം ബാധകമാവുക.

Qatar cabinet extends preventive coronavirus measures