Thursday, January 20, 2022
HomeNewsfeedബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം

ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം

ദോഹ: രാജ്യത്ത് യോഗ്യരായ മുഴുവന്‍ ആളുകളും ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന് കോവിഡ് മുന്‍ കരുതലുകള്‍ തുടരേണ്ടതുണ്ടെന്ന് യോഗത്തില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഫിഫ അറബ് കപ്പിന്റെ ഗംഭീര വിജയത്തെ യോഗം അഭിനന്ദിച്ചു. ഫിഫ ലോക കപ്പിന് ഖത്തര്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി യോഗം വിലയിരുത്തി. അറബ് കപ്പ് ടൂര്‍ണമെന്റ് അറബ് സൗഹാര്‍ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ്. ടൂര്‍ണമെന്റ് വിജയകരമാക്കുന്നതില്‍ പങ്കു വഹിച്ച മുഴുവന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മന്ത്രിസഭ നന്ദി അറിയിച്ചു.

നാഷനല്‍ ആന്റി നാര്‍ക്കോട്ടിക്‌സ് കമ്മിറ്റി രൂപീകരണത്തിനുള്ള 2017ലെ പ്രമേയത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനുള്ള കരട് തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. മയക്ക് മരുന്ന് പ്രതിരോധത്തിനുള്ള പൊതു നയങ്ങള്‍ രൂപീകരിക്കുകയും മയക്ക് മരുന്ന് കടത്ത് തടയുന്നതിന് ഔദ്യോഗിക, അനൗദ്യോഗിക ശ്രമങ്ങളെ ഏകീകരിക്കുകയും ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ ചുമതല.

Most Popular