ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് മൊബൈല്‍ പേമെന്റ് സംവിധാനം ആരംഭിച്ചു

qatar central bank

ദോഹ: സുരക്ഷിതമായ രീതിയില്‍ ഇലക്ട്രോണിക് പേമെന്റ് സാധ്യമാക്കുന്നതിനുള്ള ഖത്തര്‍ മൊബൈല്‍ പേമെന്റ് സിസ്റ്റം(ക്യുഎന്‍പി) പ്രവര്‍ത്തനമാരംഭിച്ചു. പുതിയ പേമെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ സൗദ് ആല്‍ ഥാനി നിര്‍വഹിച്ചു. രാജ്യത്തൊട്ടാകെ ഇതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണിലുള്ള ഇലക്ട്രോണിക് വാലറ്റ് ഉപയോഗിച്ചാണ് പണകൈമാറ്റം നടത്തുക. വ്യക്തികള്‍ തമ്മിലും വ്യാപാര കേന്ദ്രങ്ങളിലും മറ്റ് പണമിടപാടുകളിലും ഖത്തര്‍ മൊബൈല്‍ പേമെന്റ് സിസ്റ്റം ഉപയോഗിക്കാം. ഇലക്ട്രോണിക് വാലറ്റില്‍ നിന്നുള്ള പണം പിന്‍വലിക്കലും പണംനിറക്കലുമൊക്കെ വളരെ എളുപ്പത്തില്‍ സാധിക്കും.

ഏകീകൃത രീതിയിലുള്ള ക്യുആര്‍ കോഡ് ഇതിനായി ഒരുക്കിയിട്ടുണ്ട്. പണമടയ്‌ക്കേണ്ട സ്ഥലത്ത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ സ്പര്‍ശനമില്ലാത്ത രീതിയില്‍ പണ കൈമാറ്റം നടത്താം. പൊതുഗതാഗതം, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിയിലെല്ലാം പണമടക്കുന്നതിന് വാലറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള പേമെന്റ് സംവിധാനം ഒരുക്കുന്നതിനുള്ള ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ ഭാഗമാണ് ക്യുഎന്‍പിഎന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

Qatar Central Bank launches mobile payment system