ഖത്തര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഇന്ന് തുറക്കും; വിപണിയില്‍ പരിശോധന കര്‍ശനമാക്കും

qatar food stock

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഇന്നു മുതല്‍ പൂര്‍ണ തോതില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായ മന്ത്രാലയത്തിലെ സപ്ലൈ ആന്റ് സ്ട്രാറ്റജിക് ഇന്‍വെന്ററി ഡയറക്ടര്‍ അബ്ദുല്ല ഖലീഫ അല്‍ കുവാരി പറഞ്ഞു. മാര്‍ക്കറ്റ് പൂര്‍ണമായും അണുവിമുക്തമാക്കിയാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചത്. രണ്ടുപേര്‍ക്കും മാര്‍ക്കറ്റിന് പുറത്തുനിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഒരു ദിവസത്തേക്ക് മാര്‍ക്കറ്റ് അടച്ചിട്ട് സ്‌റ്റെറിലൈസേഷന്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

വിപണിയില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാണെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ മന്ത്രാലയം ആരംഭിച്ചു. ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവും വിലവര്‍ധനയും നിരീക്ഷിക്കുന്നതിന് വിപണിയില്‍ നിരന്തര പരിശോധന നടത്തും.

രാജ്യത്തിന് ഭക്ഷ്യവിഭവങ്ങള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. സ്‌റ്റോറുകള്‍ക്ക് താങ്ങനാവാത്തത്ര സാധന സാമഗ്രികളാണ് നിലവില്‍ ഉള്ളത്. വ്യാപാരികള്‍ മുന്നൊരുക്കങ്ങള്‍ നടത്തിയതും റമദാന് വേണ്ടിയുള്ള സ്റ്റോക്കും ഇക്കാര്യത്തില്‍ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.