ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ ചാരിറ്റി 5 മില്യൺ ഡോളർ അനുവദിച്ചു

ദോഹ: ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ ചാരിറ്റി 5 മില്യൺ ഡോളർ അനുവദിച്ചു. കഴിഞ്ഞ ആഴ്ച ഖത്തർ ചാരിറ്റി ആരംഭിച്ച ഗസ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സഹായം ലഭിക്കുന്നത്. ഗാസാ സ്ട്രിപ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളിൽ ദുരിതബാധിതരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും സഹായിക്കുന്നതിനായി 5 മില്യൺ യുഎസ് ഡോളർ അനുവദിക്കുമെന്ന് ഖത്തർ ചാരിറ്റി പ്രഖ്യാപിച്ചു. ഖത്തർ ചാരിറ്റി, സാമൂഹ്യ വികസന മന്ത്രാലയവുമായി സഹകരിച്ച്, പലസ്തീനിലെ ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകുന്നത് തുടർന്നുവരികയാണ്. നിലവിൽ അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള സംഭാവന നൽകുകയാണ് ചെയ്തുവരുന്നത്.

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തിര ഭക്ഷണവും ആരോഗ്യ സഹായവും നൽകുക, നിലവിലുള്ള കൊറോണ വൈറസിന്റെ വെളിച്ചത്തിൽ വ്യക്തിഗത ശുചിത്വ കിറ്റുകൾ വിതരണം ചെയ്യുക, ആരോഗ്യ കേന്ദ്രങ്ങളെയും ആശുപത്രികളെയും പുനരധിവസിപ്പിക്കുകയും സജ്ജീകരിക്കുകയും ചെയ്യുക എന്നിവയിൽ ഖത്തർ ചാരിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു. ഖത്തർ ചാരിറ്റി ഫലസ്തീന് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു.

44667711 ഡയൽ ചെയ്യുന്നതിനുപുറമെ ഖത്തർ ചാരിറ്റിയുടെ വെബ്‌സൈറ്റ്, അപ്ലിക്കേഷൻ, ബ്രാഞ്ചുകൾ, രാജ്യത്തുടനീളം സ്ഥിതിചെയ്യുന്ന കളക്ഷൻ പോയിന്റുകൾ എന്നിവയിലൂടെ സംഭാവന നൽകാം. സംഭാവന ചെയ്ത സ്ഥാപനങ്ങൾ, ബിസിനസുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്കും ഖത്തർ ചാരിറ്റി നന്ദി പറഞ്ഞു. ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഖത്തർ ചാരിറ്റി ഈ ആഴ്ച ആരംഭത്തോടെ പുതപ്പുകൾ, തലയിണകൾ, കട്ടിൽ എന്നിവ വിതരണം ചെയ്ത് തുടങ്ങും. ഖത്തർ ചാരിറ്റി വിവിധ മേഖലകളെ, പ്രത്യേകിച്ച് ആരോഗ്യ മേഖലയെ പിന്തുണച്ച് നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് ഖത്തർ ചാരിറ്റി ഗാസ ഓഫീസ് ഡയറക്ടർ എഞ്ചിനീയർ മുഹമ്മദ് അബു ഹലൂബ് വ്യക്തമാക്കി.
ദുരിതബാധിതരായ കുടുംബങ്ങളുടെ പ്രയോജനത്തിനായി മറ്റ് മേഖലകളെ, പ്രത്യേകിച്ച് ഭക്ഷ്യ സുരക്ഷയെ വരും ദിവസങ്ങളിൽ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.