ദോഹ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ഭക്ഷ്യസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ പദ്ധതി. ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് അല്‍മീറയുടെ ബ്രാഞ്ചുകള്‍ വഴിയാണ് ഫുഡ് ബാസ്‌ക്കറ്റുകള്‍ നല്‍കുക. അതിനാവശ്യമായ കൂപ്പണുകള്‍ക്ക് ഖത്തര്‍ ചാരിറ്റി വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം .
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം വ്യാപാര, തൊഴില്‍ മേഖല തടസ്സപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഖത്തര്‍ ചാരിറ്റിയുടെ പദ്ധതി. വ്യാപാരം മുടങ്ങുകയോ തൊഴില്‍ ഇല്ലാതാവുകയോ ചെയ്തതു മൂലം ദൈനംദിന ഭക്ഷണ ആവശ്യങ്ങള്‍ക്ക് പ്രയാസപ്പെടുന്ന നിരവധി പേര്‍ ഉണ്ട്. അവര്‍ക്ക് ലളിതമായ പ്രക്രിയയിലൂടെ ഫുഡ് ബാസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.
ഖത്തര്‍ ചാരിറ്റി വെബ്‌സൈറ്റില്‍ https://www.qcharity.org/en/qa/tafreejkorba/helprequest എന്ന ലിങ്ക് വഴി മൊബൈലിലാണ് അപേക്ഷിക്കേണ്ടത്. പേര്, ഖത്തര്‍ ഐഡി, ഇമെയില്‍, രാജ്യം, വിവാഹിതനാണോ, ഖത്തറില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിവരം, ജോലി സംബന്ധമായ വിവരം, ആകെ വരുമാനം, ആകെ ചെലവ്, കുടുംബം ഉണ്ടെങ്കില്‍ അവരുടെ ഖത്തര്‍ ഐഡി നമ്പറുകള്‍ തുടങ്ങിയവയാണ് നല്‍കേണ്ടത്. ഇവ പരിശോധിച്ച് ആവശ്യമായ സബ്‌സിഡി ഖത്തര്‍ ചാരിറ്റി അനുവദിക്കും. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ കൂപ്പണ്‍ നമ്പര്‍ സഹിതമുള്ള എസ്എംഎസ് മൊബൈലില്‍ ലഭിക്കും. ഇതുമായി ഖത്തറിലെ അല്‍ മീറ ബ്രാഞ്ചുകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാവുന്നതാണ്.
qatar charity food basket application