ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഡ്രൈവിങ് സ്കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച്ച മുതലാണ് തീരുമാനം നടപ്പില്‍ വരിക. ബസ്സുകളിലും മെട്രോകളിലും സഞ്ചരിക്കാവുന്ന യാത്രക്കാരുടെ എണ്ണവും കുറച്ചു.
ബസ്സുകളില്‍ ആകെ ശേഷിയുടെ പകുതി പേര് മാത്രമേ സഞ്ചരിക്കാവൂ. കര്‍ശന മുന്‍ കരുതലുകള്‍ പാലിക്കണം. മെട്രോയില്‍ 30 ശതമാനം പേര്‍ക്കു മാത്രമാണ് അനുമതി. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും 20 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. പുകവലിക്കാനുള്ള സ്ഥലം അടക്കും. ഭക്ഷണമോ പാനീയങ്ങളോ അനുവദനീയമല്ല.
സിനിമാ ഹാളുകളില്‍ പ്രവേശനം 20 ശതമാനം പേര്‍ക്കു മാത്രമാക്കി ചുരുക്കി. 18 വയസ്സിനു താഴെയുള്ളവര്‍ക്കു പ്രവേശനമില്ല. നാടക തിയേറ്ററുകളിലും ഇതേ നിയമം ബാധകമാണ്. സ്വകാര്യ വിദ്യഭ്യാസ കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും സേവനം ഓണ്‍ലൈനിലേക്കു മാറ്റും. നഴ്സറികളും മറ്റു ശിശുപരിപാലന കേന്ദ്രങ്ങളും 30 ശതമാനത്തില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കരുത്.
ലൈബ്രറികളിലും മ്യൂസിയങ്ങളിലും 30 ശതമാനം പേര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പും നിര്‍ബന്ധമാണ്.
ALSO WATCH