നിതാന്ത ജാഗ്രതയോടെ ഖത്തര്‍ കസ്റ്റംസ്; ടീ ബാഗുകളില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ദോഹ: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ പലവിധ വഴികള്‍ തേടുന്ന കള്ളക്കടത്തുകാരുടെ തന്ത്രങ്ങളെല്ലാം പൊളിച്ച് ഖത്തര്‍ കസ്റ്റംസ്. ചായ പാക്കറ്റുകളില്‍ നിറച്ച് കടത്താന്‍ ശ്രമിച്ച ക്രിസ്റ്റല്‍ മെത്ത്(മെതാംഫെറ്റാമിന്‍)
എന്ന മാരക മയക്കുമരുന്നാണ് ഒടുവില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

5കിലോയും 560 ഗ്രാമും തൂക്കംവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. ഹഷീഷ്, കഞ്ചാവ്, കൊക്കെയിന്‍ തുടങ്ങിയ നിരവധി മയക്കുമരുന്നുകള്‍ വ്യത്യസ്ത രൂപത്തില്‍ കടത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയിരുന്നു.

വിമാനത്താവളം വഴിയും തുറമുഖത്തിലൂടെയും ഖത്തറിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം വ്യാപകമായതോടെ അധികൃതര്‍ ഇപ്പോള്‍ കടുത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോക്കലേറ്റ് ബാറുകളൂടെ രൂപത്തില്‍ ഹഷീഷ് കടത്താനുള്ള ശ്രമം ഹമദ് വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു.

തണ്ണിമത്തനോടൊപ്പം കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയും കഴിഞ്ഞയാഴ്ച്ച പിടിയിലായി. ഡിസംബര്‍ 22ന് ഒരു വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയില്‍ മാര്‍ബിള്‍ കല്ലുകളോടൊപ്പം ഒളിപ്പിച്ച നിലയില്‍ 100 കിലോഗ്രാം ഹഷീഷ് ആണ് പിടികൂടിയത്. കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ ഞായറാഴ്ച്ച പിടികൂടിയിരുന്നു.

നിരവധി മലയാളികള്‍ ഉള്‍പ്പെടെ മയക്കുമരുന്ന് കേസില്‍ പിടിയിലായി ഖത്തര്‍ ജയിലിലുണ്ട്. ഖത്തറിലെ വിമാനത്താവളത്തെ മയക്കുമരുന്ന കടത്തുകാര്‍ ഇടത്താവളമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളുമായി കള്ളക്കടത്ത് തടയാനുള്ള നിതാന്ത ജാഗ്രതയിലാണ് അധികൃതര്‍.