ദോഹ: ഖത്തറില്‍ കൊറോണ മൂലം നഷ്ടത്തിലായ സ്വകാര്യ കമ്പനികള്‍ക്ക് ലോണ്‍ അനുവദിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് പുറത്തുവിട്ടു. ക്യുഡിബിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വിശദാംശങ്ങള്‍ ഉള്ളത്.
മൂന്ന് മാസത്തെ ശമ്പളവും വാടകയും നല്‍കുന്നതിനുള്ള തുകയാണ് ക്യുഡിബി അനുവദിക്കുക. ഒരു കമ്പനിക്ക് പരമാവധി 7.5 മില്യന്‍ റിയാലാണ് അനുവദിക്കുക. ഒരു മാസം പരമാവധി 2.5 മില്യന്‍ റിയാലാണ് ഒരു കമ്പനിക്ക് ലഭിക്കുക. ഇത് മൂന്നു വര്‍ഷം കൊണ്ടാണ് തിരിച്ചടക്കേണ്ടത്.
ഏത കമ്പനികള്‍ക്കാണ് ലഭിക്കുക
പൂര്‍ണമായും സ്വകാര്യ മേഖലയിലുള്ളതും കൊറോണ പകര്‍ച്ചവ്യാധി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുമായ കമ്പനികള്‍ക്കാണ് ലോണ്‍ ലഭിക്കുക. ഇക്കാര്യത്തില്‍ ക്യുഡിബി നിര്‍ണയിക്കുന്ന നിബന്ധനകള്‍ ബാധകമാണ്.
ഏത് ബാങ്കിലാണ് അപേക്ഷിക്കേണ്ടത്
കമ്പനികള്‍ തൊഴിലാളികളുടെ വേതനം നല്‍കാന്‍ ഉപയോഗിക്കുന്ന ബാങ്കിലാണ് അപേക്ഷ നല്‍കേണ്ടത്. ബന്ധപ്പെട്ട ബാങ്ക് അപേക്ഷ പരിശോധിച്ച ശേഷം ക്യുഡിബിക്ക് അയക്കും. ക്യുഡിബി ഇത് വിലയിരുത്തി ആവശ്യമായ തുക വകയിരുത്തും. തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ട ബാങ്കാണ് തുക നല്‍കുക. തുക വിട്ടുകിട്ടുന്നതിന് കമ്പനി ആവശ്യമായ അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും.
തിരിച്ചടവും പലിശ നിരക്കും
അവസാന ഇന്‍സ്റ്റാള്‍മെന്റ് തിയ്യതി തൊട്ട് മൂന്ന് വര്‍ഷത്തിനകമാണ് പണം തിരിച്ചടക്കേണ്ടത്. ആദ്യത്തെ വര്‍ഷം ഇതില്‍ ഗ്രേസ് പിരീഡ് ആയി കണക്കാക്കും. ഈ കാലയളവിലെ ആദ്യ ആറ് മാസം 1.5 ശതമാനമായിരിക്കും പലിശ നിരക്ക്. ഈ തുക ഖത്തര്‍ സര്‍ക്കാരിന് വേണ്ടി ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് വഹിക്കും. രണ്ടാമത്തെ ആറ് മാസം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലെന്‍ഡിങ് റേറ്റും ഒരു ശതമാനം സര്‍വീസ് ചാര്‍ജുമാണ് പലിശയായി കണക്കാക്കുക. ഇതില്‍ 1.5 ശതമാനം ക്യുഡിബി വഹിക്കും. അധികം വരുന്ന തുക ഉപഭോക്താവ് നല്‍കണം. ബാക്കിയുള്ള രണ്ട് വര്‍ഷവും പലിശ പൂര്‍ണമായും ഉപഭോക്താവ് വഹിക്കണം. സെന്‍ട്രല്‍ ബാങ്കിന്റെ ലെന്‍ഡിങ് റേറ്റും രണ്ട് ശതമാനം സര്‍വീസ് ചാര്‍ജും കൂട്ടിയതായിരിക്കും പരമാവധി പലിശ നിരക്ക്.
Qatar Development Bank begins implementing COVID-19 safeguard benefits for SMEs