ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ കടുത്ത നടപടികളുമായി ഖത്തര്‍. നാളെ മുതല്‍ സ്വകാര്യ മേഖലയിലെ 80 ശതമാനം പേരും വീടുകളില്‍ നിന്ന് ജോലി ചെയ്യണം. ബാക്കിയുള്ളവരുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഹോം ക്ലീനിങ് സര്‍വീസ് അവാനിപ്പിക്കും. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സില്‍ മൊത്തം സീറ്റിന്റെ പകുതിപേര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളു.
ഫുഡ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍, ഡെലിവറി ഓര്‍ഡറുകള്‍ എന്നിവയ്ക്ക് മേല്‍പറഞ്ഞ തീരുമാനം ബാധകമല്ല. ഈ നിബന്ധനയില്‍ നിന്നൊഴിവാക്കുന്ന മറ്റു മേഖലകള്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനിക്കും.
സൈന്യം, സുരക്ഷാ മേഖല, വിദേശ കാര്യ വിഭാഗം, നയതന്ത്ര വിഭാഗം, ആരോഗ്യ മേഖല, എണ്ണ വാതക മേഖല, ജീവനക്കാരുടെ സാന്നിധ്യം അവശ്യമായ സര്‍ക്കാര്‍ മേഖല, രാജ്യത്തിന്റെ സുപ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ എന്നിവര്‍ക്ക് മേല്‍പ്പറഞ്ഞ നിയന്ത്രണം ബാധകമല്ല.
വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാവുക. ഈ കാലയളവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യും.
Qatar directs 80% private sector employees to start working remotely from tomorrow; rest to work lesser hours