Sunday, September 25, 2022
HomeGulfQatarഖത്തറില്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികള്‍; കഴിഞ്ഞയാഴ്ച്ച മാത്രം പിടിയിലായത് എട്ടുപേര്‍

ഖത്തറില്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികള്‍; കഴിഞ്ഞയാഴ്ച്ച മാത്രം പിടിയിലായത് എട്ടുപേര്‍

ദോഹ: ഖത്തറിലേക്ക് മയക്ക് മരുന്ന് കടത്തിയതിന്റെ പേരില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. പലരും ചതിയില്‍ കുടുങ്ങിയാണ് മയക്കുമരുന്ന് കടത്തുകാരായി മാറിയത്.

കഴിഞ്ഞയാഴ്ച് മാത്രം മയക്കുമരുന്ന് കടത്തുകേസില്‍പ്പെട്ട എട്ട് മലയാളികള്‍ പിടിയിലായതായാണ് വിവരം. ഇവരില്‍ ചിലര്‍ സുബാറ ജയിലില്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ നവാഫ് കൊടുങ്ങല്ലൂര്‍ ഗള്‍ മലയാളിയോട് പറഞ്ഞു. നേരത്തേ പിടിയിലായ കോട്ടയം സ്വദേശി കെവിന്‍ മാത്യുവിന്റെ വിവരങ്ങള്‍ തേടി സുപ്രിം കോടതി അഭിഭാഷകനായ ഷാജി സെബാസ്റ്റിയന്‍ നവാഫിനെ ബന്ധപ്പെട്ടിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ സുബാറ ജയിലില്‍ ഉള്ളതായി ബോധ്യമായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പിടിയിലായവരില്‍ ഒരാള്‍ കാസര്‍കോഡ് സ്വദേശിയും മറ്റൊരാള്‍ നാദാപുരം സ്വദേശിയുമാണ്.

ആഷിക് ആഷ്ലി, കെവിന്‍ മാത്യു, ആദിത്യ മോഹനന്‍

15 മാസമായി കെവിന്‍ മാത്യു ജയിലിലാണ്. ഇയാളുടെ കൂടെ പിടിക്കപ്പെട്ട ആഷിക് ആഷ്ലി, ആദിത്യ മോഹനന്‍, ശരത് ശശി എന്നിവരും ജയിലിലുണ്ട്. ഇവരെ വിസ നല്‍കിയ ഏജന്റുമാര്‍ ചതിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ നേരത്തേ കോടതിയില്‍ പരാതി നല്‍കിയിരുന്നു. നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവാക്കള്‍ വിദേശ ജോലിക്കു യാത്ര തിരിച്ചപ്പോള്‍ വിസ ശരിയാക്കി നല്‍കിയ ഷാനി, റഫീസ്, റഷീദ്, എന്നിവര്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങുമെന്നു പറഞ്ഞ് വിമാനത്താവളത്തില്‍ വച്ച് ഏതാനും ബാഗുകള്‍ ഏല്‍പിക്കുകയായിരുന്നുവെന്നാണ് ഹരജിക്കാരുടെ ആരോപണം.

കെവിന്‍ മാത്യു കണ്ണൂരില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യവേ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശികളായ ഷാനി, റഷീദ് എന്നിവരാണ് ഖത്തറിലേക്കു വിസ നല്‍കിയത്. ഖത്തറിലെ സുഹൃത്തിന് നല്‍കാനെന്ന് പറഞ്ഞ് ഇവര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഒരു പൊതി നല്‍കുകയായിരുന്നു. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് അധികൃതര്‍ ഈ പൊതിപിടികൂടിയപ്പോഴാണ് അതില്‍ കഞ്ചാവാണെന്ന് വ്യക്തമായതെന്ന് കെവിന്‍ മാത്യുവിന്റെ അമ്മ റോസമ്മ മാത്യു നല്‍കിയ പരാതിയില്‍ പറയുന്നു. 2018 ഫെബ്രുവരി 27ന് ആണ് കെവിന്‍ മാത്യു ഖത്തറില്‍ വിമാനമിറങ്ങിയത്. 4 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇവരില്‍പ്പെട്ട ആഷിഖ് ആശ്ലിയുടെ കേസില്‍ ഖത്തറിലെ പ്രവാസി സംഘടനകള്‍ ഇടപെട്ടുവരുന്നതായി നവാഫ് പറഞ്ഞു.

മൊയ്തീന്‍ ജെയ്സല്‍

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ പ്രധാന കണ്ണിയായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി താഹിറ മന്‍സില്‍ മൊയ്തീന്‍ ജെയ്സലിനെ(37) കഴിഞ്ഞ നവംബറില്‍ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 1.47 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെ്ട്ട് ജെയ്സല്‍ ഉള്‍പ്പടെ രണ്ടു പേരാണ് ഇപ്പോള്‍ റിമാന്റില്‍ കഴിയുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പലരെയും പിടികൂടാനുള്ള നീക്കത്തിലാണ് പോലിസ്. ജെയ്സല്‍ മുമ്പ് ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വച്ച് പരിചയപ്പെട്ട ചിലരുമായി ചേര്‍ന്ന് പിന്നീട് മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.

യഥാര്‍ത്ഥത്തില്‍ മയക്കുമരുന്ന സംഘത്തില്‍ കണ്ണികളാവുന്നരേക്കാള്‍ കൂടുതലാണ് ചതിയിലൂടെ കടത്തുകാരാവുന്നരെന്ന് നവാഫ് വ്യക്തമാക്കി. ദരിദ്ര കുടുംബത്തില്‍പ്പെട്ടവരെ നോട്ടമിട്ടാണ് മയക്കമരുന്ന് സംഘം ചതിയില്‍പ്പെടുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കാനെന്ന് പേരില്‍ പൊതി കൈമാറുകയുമാണ് രീതി. പലപ്പോഴും എയര്‍പോര്‍ട്ടില്‍ വച്ചോ എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലോ ആണ് ഇത്തരത്തില്‍ ഉള്ള പൊതി കൈമാറുന്നതെന്നതിനാല്‍ തുറന്ന് പരിശോധിച്ച് നോക്കാന്‍ പോലും സമയം ലഭിക്കില്ല.

 

വിമാനത്താവളം വഴിയും കടല്‍ മാര്‍ഗവും ഖത്തറിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം വ്യാപകമായതോടെ അധികൃതര്‍ ഇപ്പോള്‍ കടുത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോക്കലേറ്റ് ബാറുകളൂടെ രൂപത്തില്‍ ഹഷീഷ് കടത്താനുള്ള ശ്രമം ഹമദ് വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. തണ്ണിമത്തനോടൊപ്പം കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയും ഈയാഴ്ച്ച പിടിയിലായി. ഡിസംബര്‍ 22ന് ഒരു വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയില്‍ മാര്‍ബിള്‍ കല്ലുകളോടൊപ്പം ഒളിപ്പിച്ച നിലയില്‍ 100 കിലോഗ്രാം ഹഷീഷ് ആണ് പിടികൂടിയത്.

മയക്ക് മരുന്ന കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷമാണ് തടവ് ശിക്ഷ ലഭിക്കുന്നത്. ഇതില്‍ അപ്പീല്‍ പോയാലും ശിക്ഷ ചുരുക്കി നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഇത്തരം കേസുകളില്‍പ്പെട്ടവരെ സഹായിക്കാന്‍ സാമൂഹിക സംഘടനകള്‍ പോലും മുന്നോട്ട് വരില്ലെന്നതിനാല്‍ പുതുതായി രാജ്യത്തേക്കു വരുന്നവര്‍ ചതിയില്‍പ്പെട്ട് പോവാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വിസ നല്‍കുന്നവരെക്കുറിച്ചും ജോലി വാഗ്ദാനം ലഭിച്ചിട്ടുള്ള കമ്പനിയെക്കുറിച്ചും വിശദമായി അന്വേഷിച്ചറിയുക, അവസാന നിമിഷം നല്‍കുന്ന പൊതികള്‍ സ്വീകരിക്കാതിരിക്കുക, പരിചിതര്‍ തരുന്നതായാല്‍ പോലും പൊതികള്‍ വിശദമായി അഴിച്ചു പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക തുടങ്ങിയ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് നവാഫ് നിര്‍ദേശിച്ചു.

qatar malayali drug case

പലരെയും നിസാര കേസുകള്‍ മാത്രമാണ് ഖത്തറിലുള്ളതെന്ന് പറഞ്ഞാണ് വലയിലാക്കുന്നത്. എന്നാല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ കടത്തുന്നത് ഖത്തറില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരക്കാരെ പിടികൂടുന്നതിന് ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളാണ് ഖത്തര്‍ കസ്റ്റംസ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നവരുടെ ശരീര ഭാഷ ആധുനിക ഉപകരണങ്ങളിലൂടെ നിരീക്ഷിച്ച് പിടികൂടാനുള്ള സംവിധാനം ഉള്‍പ്പെടെ ഖത്തറിലുണ്ട്.

Most Popular