പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; ഒരു കിലോ സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കെമെന്ന് പോലിസ്

ajinas kidnapped

നാദാപുരം: പുറമേരി പഞ്ചായത്തിലെ എളയിടത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി മുയിപ്ര സ്വദേശി കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38) എന്നിവരാണ് പിടിയിലായത്. പന്തിരിക്കര സ്വദേശി ചെമ്പോനടുക്കണ്ടിയില്‍ പി ടി അജ്നാസിനെയാണ് (30) വ്യാഴാഴ്ച അര്‍ധരാത്രിയോടെ എളയിടത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. വോളിബോള്‍ കളി കാണാനെത്തിയതായിരുന്നു അജ്‌നാസും കൂട്ടുകാരും.

പദ്ധതി ആസൂത്രണംചെയ്തത് ഫൈസലാണെന്ന് പോലിസ് പറഞ്ഞു. ദുബയിയില്‍നിന്ന് കൊടുത്തയച്ച ഒരു കിലോ സ്വര്‍ണം അജ്നാസിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തത് തിരിച്ചുപിടിക്കാനാണ് തട്ടിക്കൊണ്ടുപോകലെന്നാണ് ആരോപണം. ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കിയതും ഒളിപ്പിക്കാന്‍ സഹായം ചെയ്തതും സെയ്ത് ആണ്. വില്യാപ്പള്ളി ചേരിപ്പൊയില്‍ വീട്ടില്‍ ഒളിപ്പിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെത്തിരുന്നു. ഫൈസലിന്റെ പരാതിയില്‍ ഒരു കിലോ സ്വര്‍ണം കവര്‍ച്ചചെയ്ത കേസില്‍ അജ്നാസടക്കമുള്ള ഏഴ് പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അജ്നാസ് കഴിഞ്ഞ ദിവസം പോലിസില്‍ കീഴടങ്ങിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് അജ്നാസ് വോളിബോള്‍ ടൂര്‍ണമെന്റ് കാണാനെത്തിയത്. കളി നടക്കുന്ന സ്ഥലത്തിന്റെ അല്‍പ്പം അകലെ വാഹനം നിര്‍ത്തിയ സമയത്താണ് ഏതാനും പേരെത്തി അജ്നാസിനെ പിടികൂടിയത്. സംഘം ആദ്യം അജ്്നാസിന്റെ വാഹനത്തിന്റെ കാറ്റൂരി വിടുകയായിരുന്നു. കൂടെയുള്ളവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബലമായി തള്ളിമാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ദിവസങ്ങള്‍ക്കിടെ കോഴിക്കോട് ജില്ലയില്‍ രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലായിരുന്നു അജ്്‌നാസിന്റേത്. തൂണേരിയില്‍ ഖത്തറിലെ സള്‍ഫര്‍ കെമിക്കല്‍സ് ഉടമയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ഇന്ന് ആലപ്പുഴയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഈ യുവതിയും ഖത്തറില്‍ പ്രവാസി ആയിരുന്നു.