തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത കുറുമാത്തൂരില്‍ 13കാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രതിയെ തളിപ്പറമ്പ സി ഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി ബലാത്സംഗത്തിനിരയാക്കിയത്. ലോക്ഡൗണിന് ശേഷം ഇയാള്‍ ഖത്തറിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.
സംഭവം ഖത്തറിലുള്ള പിതാവിനെ അറിയിച്ചിരുന്നെങ്കിലും പിതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബന്ധുവായ പത്താംക്ലാസുകാരന് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, മൊഴിയിലെ വൈരുധ്യം സംശയത്തിനിടയാക്കി. തുടര്‍ന്ന് വനിതാ പോലിസുകാരും കൗണ്‍സിലര്‍മാരും സംസാരിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
മജിസ്ട്രേറ്റിനു മുന്‍പിലും പെണ്‍കുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തി. ഇതോടെ പിതാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലിസ് ആരംഭിച്ചിരുന്നു. ശരിയായ വിവരം പുറത്തു വന്നതിനെത്തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പനുസരിച്ച് കേസെടുക്കുകയും ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇന്ന് രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത പോലിസ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
ഖത്തറിലുള്ള മലയാളികളും ബന്ധുക്കളും ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രതി നാട്ടിലേക്കു മടങ്ങാന്‍ സന്നദ്ധമായത്. വൈദ്യപരിശോധനക്കു ശേഷം പ്രതിയെ മജിസ്ട്രേറ്റു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.